സെപ്തംബർ വരെ ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കണമെന്ന് കേന്ദ്രം
വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിച്ചില്ലെങ്കിൽ ജനത്തിന് ഷോക്കാകും
തിരുവനന്തപുരം: ഈ വർഷം സെപ്തംബർ വരെ വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിച്ചില്ലെങ്കിൽ ജനത്തിന് ഷോക്കാകും. ഇറക്കുമതി ചെയ്ത കൽക്കരി തന്നെ ഉപയോഗിച്ച് സെപ്തംബർ വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കേന്ദ്ര ഊർജ മന്ത്രാലയം നിർദേശം നൽകി . കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുമ്പോൾ 70 ശതമാനവും പുറത്തുനിന്നു വാങ്ങുന്ന കേരളത്തെയാകും അത് ദോഷകരമായി ബാധിക്കുക.
ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാനുള്ള കേന്ദ്ര നിർദേശം കാരണം കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ കെഎസ്ഇബിക്ക് 11 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടായത്. ഇത് സർചാർജ് ആയി ഉപഭോക്താവിൽ നിന്ന് ഈടാക്കാൻ അനുവദിക്കണമെന്ന അപേക്ഷ റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്. ഈ സെപ്റ്റംബർ വരെ 6% ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് തന്നെ വൈദ്യുതി നിർമിക്കണമെന്നാണ് ഉത്പാദകർക്കുള്ള അടുത്ത നിബന്ധന.
ഇറക്കുമതി കൽക്കരി കൊണ്ട് നിർമിച്ച വൈദ്യുതിക്ക് കൂടിയ വിലയാണ്. വേനൽ സമയത്ത് ഉപയോഗം കുതിച്ചുയരുന്ന കേരളത്തിന് പുറത്ത് നിന്ന് വൈദ്യുതി എത്തിക്കുമ്പോൾ നഷ്ടം ഭീമമാകും. ആ നഷ്ടം നികത്താനുള്ള ബാധ്യത ജനങ്ങൾക്കാണ്. പീക്ക് സമയമായ രാത്രി 7 മുതൽ 10 വരെ വൈദ്യുതി നിയന്ത്രിച്ച് ഉപയോഗിക്കാനാണ് കെ.എസ്.ഇ.ബി യുടെ അഭ്യർത്ഥന. സംസ്ഥാനത്തെ വേനൽക്കാല വൈദ്യുതി ഉപഭോഗം 92 ദശലക്ഷം യൂണിറ്റായി ഉയർന്നിട്ടുണ്ട്.
Adjust Story Font
16