കരിപ്പൂര്‍ വിമാനത്താവളത്തിന് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന് വ്യോമയാന മന്ത്രി
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റണ്‍വേയുടെ നീളം കുറക്കുമെന്നും വ്യോമയാന മന്ത്രി മുന്നറിയിപ്പ് നല്‍കി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിനായി കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ. അല്ലാത്തപക്ഷം യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റണ്‍വേയുടെ നീളം കുറക്കുമെന്നും ജോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പ് നല്‍കി.
വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി വീഴ്ചവരുത്തിയെന്നും വ്യോമയാന മന്ത്രി കുറ്റപ്പെടുത്തി.
2022 മാര്‍ച്ച് മുതല്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നുവെന്നും, എന്നാല്‍ ഇതുവരെയും ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്നുമാണ് വ്യോമയാനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഉടന്‍ ഭൂമി കെമാറണമെന്നും, അല്ലാത്ത പക്ഷം യാത്രക്കാരുടെ സുരക്ഷക്കായി ഈ വരുന്ന ഓഗസ്റ്റ് മാസത്തില്‍ റണ്‍വേയുടെ നീളം കുറക്കുമെന്നുമാണ് മുന്നറിയിപ്പിലുള്ളത്.
മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി റണ്‍വേയുടെ ഇരുവശത്തുമുള്ള ഭൂമി നിരപ്പാക്കി സൗജന്യമായി നല്‍കാമെന്ന് വ്യോമയാനമന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട നടപടികളൊന്നും മുന്നോട്ട് പോകാതിരുന്നതാണ് ഇപ്പോള്‍ ഇത്തരമൊരു മുന്നറിയിപ്പിന് ഇടയാക്കിയത്.
കരിപ്പൂര്‍ വിമാനപകടത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട് പഠിക്കാനായി ഒരു സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ സമിതിയുടെ നിര്‍ദേശമാണ് വലിയ വിമാനങ്ങള്‍ സുരക്ഷിതമായി ഇറങ്ങാനായി റണ്‍വേയുടെ ഇരുവശത്തും ഭൂമി ഏറ്റെടുക്കണമെന്നത്.
ഇതുപ്രകാരം ഭൂമി ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ മൂന്ന് വര്‍ഷം എടുക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പെട്ടന്ന് തന്നെ ഭൂമി ഏറ്റെടുത്ത് നല്‍കാനായി സംസ്ഥാന സര്‍ക്കാരിന് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു.
Adjust Story Font
16