Quantcast

'കേന്ദ്ര നടപടികള്‍ ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്'; നിതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം

MediaOne Logo

Web Desk

  • Updated:

    2022-08-07 14:25:43.0

Published:

7 Aug 2022 1:22 PM GMT

കേന്ദ്ര നടപടികള്‍ ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്; നിതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി
X

ഡല്‍ഹി: കേന്ദ്ര സർക്കാറിന്റെ നടപടികൾ ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേറ്റ് ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണം. അവശ്യ സാധനങ്ങളുടെ ജിഎസ്ടി നിരക്ക് വർധന പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പങ്കെടുത്ത നിതി ആയോഗിന്റെ ഗവേണിംഗ് കൗൺസിൽ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്നും പ്രധാന ആവശ്യമായി സംസ്ഥാനം ഉയർത്തി. കോവിഡ് ഏൽപ്പിച്ച ആഘാതം വിട്ടുമാറാത്തതിനാൽ വായ്പാ പരിധി ഉയർത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് സുപ്രിംകോടതി വിധിക്കെതിരെ നിയമ പരിഹാരം ഉണ്ടാകണം. പാർശ്വവത്കൃത വിഭാഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് നടപടി അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഗതാഗത രംഗം ആധുനികവത്കരിക്കുന്നതിനായി ദേശിയപാത വികസനമടക്കമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണം. അപകടങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ വ്യോമ-റെയിൽ പദ്ധതികൾക്ക് ഉടനടി അംഗീകാരം നൽകണമെന്നു കെ റെയിലിന്റെ പേര് പറയാതെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തീരസംരക്ഷണ നടപടികൾ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ വേണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ നിന്നും ബിഹാർ , തെലങ്കാന മുഖ്യമന്ത്രിമാർ പങ്കെടുത്തില്ല. ബിജെപിയുമായുള്ള ഭിന്നതയിലാണ് നിതീഷ് കുമാർ യോഗം ബഹിഷ്‌ക്കരിച്ചത്. സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാട്ടുന്നുവെന്നാരോപിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് ചന്ദ്രശേഖർ റാവു കത്തയക്കുകയും ചെയ്തിരുന്നു.

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിൽക്കുന്നത്. യോഗത്തിൽ ബിഹാറിൽ നിന്നുള്ള പ്രതിനിധിയും പങ്കെടുത്തില്ല. കോവിഡ് ബാധിതനായിരുന്ന നിതീഷ് കുമാർ ഈയടുത്താണ് സുഖംപ്രാപിച്ചത്. ആരോഗ്യകാരണങ്ങളാൽ പങ്കെടുക്കാനാകില്ലെന്നും പ്രതിനിധിയെ പങ്കെടുപ്പിക്കാമെന്നും ബിഹാർ സർക്കാർ അറിയിച്ചു. എന്നാൽ, യോഗം മുഖ്യമന്ത്രിമാർക്ക് മാത്രമാണെന്ന് കേന്ദ്രം അറിയിച്ചതോടെ പ്രതിനിധിയും പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി, കൃഷി, ആരോഗ്യമേഖല തുടങ്ങിയവയാണ് അവലോകനം ചെയ്തത്.

TAGS :

Next Story