'സംസ്ഥാനത്ത് വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്ര നീക്കം'; അപലപനീയമെന്ന് എ വിജയരാഘവന്‍
ബി.ജെ.പിയും കോൺഗ്രസും കോവിഡ് പ്രതിരോധത്തിന് തുരങ്കം വെക്കാൻ ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് വാക്സിൻ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുവെന്ന് സി.പി.എം. വാക്സിൻ അനുവദിക്കുന്നതിൽ നിഷേധാത്മക നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇത് അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ബി.ജെ.പിയും കോൺഗ്രസും കോവിഡ് പ്രതിരോധത്തിന് തുരങ്കം വെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാക്‌സിൻ വിതരണത്തിൽ അങ്ങേയറ്റം ശുഷ്‌ക്കാന്തിയാണ് സംസ്ഥാനം കാണിക്കുന്നത്. നൽകിയ വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ വിതരണം ചെയ്‌തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ഇക്കാര്യം ബോധ്യമായിട്ടും വാക്‌സിൻ അനുവദിക്കുന്നതിൽ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് വിജയരാഘവന്‍റെ പരാമര്‍ശം. ഈ ഒളിച്ചു കളി അവസാനിപ്പിക്കണം. കേരളത്തിന് കൂടുതൽ വാക്സിന്‍ അനുവദിക്കാനുള്ള അടിയന്തര നീക്കമുണ്ടാവണമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
പരിശോധനയുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും നല്ലതായതിനാലാണ് കേരളത്തില്‍ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനനുസരിച്ചുള്ള സമീപനമല്ല കേന്ദ്രത്തിന്‍റേതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ ജനസംഖ്യ 3.51 കോടിയാണ്. ഇതുവരെ 1,31,21,707 പേർക്ക് ഒന്നാം ഡോസും 56,82,627 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. വാക്‌സിന് കടുത്ത ദൗർലഭ്യം നേരിടുന്നത് മൂലമാണ് കൂടുതൽ പേർക്ക് നൽകാൻ കഴിയാത്തത്. 90 ലക്ഷം ഡോസ് വാക്‌സിൻ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യർത്ഥിച്ചിരുന്നു. ജൂലൈയിൽ ഇവിടെ എത്തിയ കേന്ദ്ര സംഘത്തോട് 60 ലക്ഷം ഡോസ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ല. വസ്‌തുത ഇതായിരിക്കെയാണ് കോവിഡ് പ്രതിരോധം പാളിയെന്ന് ദുഷ്പ്രചാരണമെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.
Adjust Story Font
16