Quantcast

കേന്ദ്ര റബർ ബോർഡ് ചെയർമാൻ തലശ്ശേരിയിൽ; ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്‌ച നടത്തി

കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാരിൽ നിർദേശങ്ങൾ സമർപ്പിക്കുമെന്ന് ചെയർമാൻ ആർച്ച് ബിഷപ്പിന് ഉറപ്പ് നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    11 April 2023 3:44 AM GMT

joseph pamblani_rubber price
X

കണ്ണൂർ: കേന്ദ്ര റബർ ബോർഡ് ചെയർമാൻ ഡോ.സാവർ ദനാനി തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കണ്ണൂർ നെലിക്കാംപൊയിലിൽ എത്തിയതായിരുന്നു ചർച്ച. റബർ താങ്ങുവില സംബന്ധിച്ച് ചർച്ച നടത്തി. കർഷകരുടെ പ്രശ്നങ്ങളും ചർച്ചയായി. കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാരിൽ നിർദേശങ്ങൾ സമർപ്പിക്കുമെന്ന് ചെയർമാൻ ആർച്ച് ബിഷപ്പിന് ഉറപ്പ് നൽകിയിട്ടുണ്ട്. വിഷയം തലശേരി അതിരൂപതയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലത്തൂരിൽ നടന്ന റാലിയിലാണ് റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന വിവാദ പ്രസ്താവന ബിഷപ് നടത്തിയത്. പിന്നാലെ റബർ ബോർഡിന്റെ വൈസ് ചെയർമാൻ തലശേരി ആർച്ച് ബിഷപ് ഹൗസിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ബിജെപിയുടെ നേതാക്കളെല്ലാം ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. റബർ വിലയുമായി ബന്ധപ്പെട്ട് ബിഷപ് നടത്തിയ വിവാദ പ്രസ്താവന ഏതെങ്കിലും തരത്തിൽ തങ്ങൾക്ക് അനുകൂലമാക്കാൻ സാധിക്കുമോയെന്ന കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്.

ആലപ്പുഴയിൽ നടന്ന റാലിയിലെ ബിഷപ്പിന്റെ പ്രസ്താവന ദേശീയശ്രദ്ധ വരെ പിടിച്ചുപറ്റിയെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ബി.ഡി.ജെ.എസ് നേതാവുകൂടിയായ കേന്ദ്ര റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ ഉണ്ണികൃഷ്ണനും നേരത്തെ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷകരുടെ പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജോസഫ് പാംപ്ലാനി മുന്നോട്ടുവെച്ച പ്രശ്‌നങ്ങളൊക്കെ താൻ കേട്ടിട്ടുണ്ടെന്നും കൂടിക്കാഴ്ചക്കു ശേഷം കെ.എ ഉണ്ണികൃഷ്ണൻ പറഞ്ഞു. 'ഏപ്രിൽ മാസം കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലെത്തുന്നുണ്ട്. ആ സമയത്ത് ബിഷപ്പുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കും. റബറിനെ വ്യാവസായിക വിള എന്നതിൽ നിന്നും മാറ്റി കാർഷിക വിളയാക്കി മാറ്റാൻ നീക്കമുണ്ടാകു'മെന്നും അദ്ദേഹം പറഞ്ഞിരുന്നു.

TAGS :

Next Story