ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നു; പ്രദേശവാസികൾ ഉടൻ മാറണമെന്ന് മുന്നറിയിപ്പ്
ചാവക്കാട് വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. കോതമംഗലം ഉരുളൻതണ്ണിയിൽ ഒരു കുടുംബം ഒറ്റപ്പെട്ടു
തൃശൂർ:കനത്ത മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലായി വെള്ളക്കെട്ടും രൂക്ഷമാണ്. മലയോര മേഖലകളിൽ പലയിടങ്ങിലായി രാത്രി ഉരുൾപൊട്ടലും മണ്ണിടിച്ചിലും അനുഭവപ്പെട്ടു. നദികളിൽ ജലനിരപ്പ് ഉയർന്നു.
തൃശൂരിൽ ചാലക്കുടി പുഴയ്ക്ക് സമീപം താമസിക്കുന്നവരോട് ഉടൻ മാറിത്താമസിക്കാൻ കലക്ടർ നിർദേശം നൽകി.ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മുരിങ്ങൂർ ഡിവൈൻ കോളനി, പരിയാരം എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
തൃശൂർ ചാവക്കാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു 2 പേരെ കാണാതായി. 6 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കോട്ടയത്ത് രണ്ട് മത്സ്യതൊഴിലാളികളെ കാണാതായി.വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിന് പോയ തലയാഴം സ്വദേശികളായ ജനാർദ്ദനൻ, പ്രദീപൻ എന്നിവരെയാണ് കാണാതായത്.
ഈരാറ്റുപേട്ട തീക്കോയിയിലും രാത്രി ഉരുൾപൊട്ടി. മാർമല അരുവിക്ക് സമീപമാണ് ഉരുൾപൊട്ടിയത്. ജനവാസമേഖലയല്ലാത്തതിനാൽ ആളപായമില്ല.. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. കണ്ണൂരിൽ മഴ കനത്തതോടെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പേരാവൂർ മേലെ വെള്ളറ പട്ടിക വർഗ കോളനിയിൽ വീട് തകർന്ന് ഒരാളെ കാണാതായി.
കോതമംഗലം ഉരുളൻതണ്ണിയിൽ ഒരു കുടുംബം ഒറ്റപ്പെട്ടു. ഉരുളൻ തണ്ണി സ്വദേശി വിജേഷും കുടുംബവുമാണ് ഒറ്റപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇവിടെ രാത്രി ഏറെ വൈകിയും രക്ഷാപ്രവർത്തനം നടന്നത്. കൂടാതെ പശുവിനെ അഴിക്കാൻ വനത്തിലേക്ക് പോയ പൗലോസിനായുള്ള തെരച്ചിലും പ്രദേശത്ത് പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിലും മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. നാദാപുരം വിലങ്ങാട് ഉരുട്ടിപാലം വെള്ളത്തിൽ മുങ്ങി.
വാണിമേൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ നാല് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇടുക്കിയിൽ മലയോര മേഖലകളിൽ രാത്രി കാല യാത്രക്കും ഓഫ് റോഡ് ട്രക്കിംഗ്, അഡ്വഞ്ചർ ടൂറിസം, മത്സ്യ ബന്ധനം, ഖനനം, ബോട്ടിംഗ് എന്നിവക്കും താൽക്കാലിക നിരോധനമേർപ്പെടുത്തി.
Adjust Story Font
16