Quantcast

പരസ്യം കിട്ടിയപ്പോള്‍ സി.എച്ചിനെ 'വെട്ടി'; മുന്‍ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍നിന്ന് പാര്‍ട്ടി നേതാവിനെ ഒഴിവാക്കി 'ചന്ദ്രിക'

നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയുമായ ഏക വ്യക്തിയായ സി.എച്ച് മുഹമ്മദ് കോയ ദീർഘകാലം 'ചന്ദ്രിക' ദിനപത്രത്തിന്റെയും ആഴ്ചപതിപ്പിന്റെയും പത്രാധിപർ കൂടിയായിരുന്നു

MediaOne Logo

Web Desk

  • Published:

    1 Nov 2024 6:41 AM GMT

Chandrika daily excludes party leader CH Mohammed Koya from list of former chief ministers published on the Keralappiravi day
X

തിരുവനന്തപുരം എഡിഷനില്‍ പ്രസിദ്ധീകരിച്ച 'ചന്ദ്രിക' പാഠമുദ്ര(ഇടത്ത്), കോഴിക്കോട്, കണ്ണൂർ എഡിഷനുകളില്‍ സി.എച്ചിനെയും കാണാം(വലത്ത്)

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ 'ചന്ദ്രിക' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുൻ മുഖ്യമന്ത്രിമാരുടെ പട്ടിക തിരുവനന്തപുരത്തെത്തിയപ്പോൾ കടുംവെട്ട് കിട്ടിയവരിൽ സി.എച്ച് മുഹമ്മദ് കോയയും. പത്രത്തിലെ 'പാഠമുദ്ര' സ്‌പെഷൽ പതിപ്പിലാണു വിദ്യാർഥികൾക്ക് പഠനസഹായമായി മുൻ മുഖ്യമന്ത്രിമാരുടെ പട്ടിക നൽകിയത്. ഇക്കൂട്ടത്തിലാണ് സംസ്ഥാന സർക്കാരിന്റെ പരസ്യത്തിനു വേണ്ടി പാർട്ടി നേതാവിനെ ലീഗ് മുഖപത്രം ഒഴിവാക്കിയത്.

കോഴിക്കോട്, കണ്ണൂർ എഡിഷനുകളിൽ സി.എച്ച് മുഹമ്മദ് കോയയുടേതടക്കം കേരളത്തിന്റെ 12 മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങളും വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, തിരുവനന്തപുരം എഡിഷനിൽ ഇതിൽ മാറ്റമുണ്ട്. നാല് മുഖ്യമന്ത്രിമാർ ഒഴിവാക്കപ്പെട്ടു. പകരം വന്നതാവട്ടെ, സംസ്ഥാന സർക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' കാംപയിനിന്റെ പരസ്യവും. പരസ്യം ലഭിച്ചപ്പോൾ ഒഴിവാക്കപ്പെട്ട മുൻ മുഖ്യമന്ത്രിമാരിൽ ഇ.കെ നായനാർ, വി.എസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പം മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവ് കൂടിയായ സി.എച്ച് മുഹമ്മദ് കോയയും!

മുസ്‌ലിം ലീഗിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവ് കൂടിയാണ് സി.എച്ച്. നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയുമായ ഏക വ്യക്തിയുമാണ്. രണ്ടു തവണ ഉപമുഖ്യമന്ത്രിയും ആറു തവണ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. ലീഗിന്റെ ചരിത്രത്തിൽ മുഖ്യമന്ത്രി പദവി അലങ്കരിച്ച ഏക നേതാവിനെയാണ് പാർട്ടിപത്രം തന്നെ 'തിരസ്‌കരിച്ചിരിക്കുന്നത്'. ദീർഘകാലം 'ചന്ദ്രിക' ദിനപത്രത്തിന്റെയും ആഴ്ചപതിപ്പിന്റെയും പത്രാധിപർ കൂടിയായിരുന്നു സി.എച്ച് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

ഇത്തരമൊരു നേതാവിനാണ് ഇപ്പോൾ 'ചന്ദ്രിക'യുടെ തന്നെ കടുംവെട്ട്. പത്രത്തിന്‍റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്.

Summary: 'Chandrika' daily excludes party leader CH Mohammed Koya from list of former chief ministers published on the Keralappiravi day

TAGS :

Next Story