'ചന്ദ്രിക' ആഴ്ചപ്പതിപ്പ് അച്ചടി പുനരാരംഭിക്കുന്നു; വാർഷികപ്പതിപ്പ് 25ന് പുറത്തിറങ്ങും
മുസ്‌ലിം ലീഗ് മുഖപത്രം 'ചന്ദ്രിക' ദിനപത്രത്തിനു കീഴിൽ പുറത്തിറങ്ങുന്ന ആഴ്ചപ്പതിപ്പ് 2022 ജൂലൈയിൽ 'മഹിളാ ചന്ദ്രിക'യ്‌ക്കൊപ്പം പ്രസിദ്ധീകരണം നിർത്തിയിരുന്നു
കോഴിക്കോട്: 'ചന്ദ്രിക' ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം പുനരാരംഭിക്കുന്നു. മുസ്‌ലിം ലീഗ് മുഖപത്രം 'ചന്ദ്രിക' ദിനപത്രത്തിനു കീഴിൽ പുറത്തിറങ്ങുന്ന ആഴ്ചപ്പതിപ്പ് 2022 ജൂലൈയിൽ പ്രസിദ്ധീകരണം നിർത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു 'മഹിളാ ചന്ദ്രിക'യ്‌ക്കൊപ്പം ആഴ്ചപ്പതിപ്പിന്റെയും പ്രസിദ്ധീകരണം നിർത്തിവച്ചത്.
സോഷ്യൽ മീഡിയയിലൂടെ ചന്ദ്രിക ആഴ്ചപ്പതിപ്പ് പത്രാധിപ സമിതിയാണ് പ്രസിദ്ധീകരണം പുനരാരംഭിക്കുന്ന വിവരം അറിയിച്ചത്. 2023 വാർഷികപ്പതിപ്പോടെയാകും ആഴ്ചപ്പതിപ്പ് അച്ചടി പുനരാരംഭിക്കുക. ഈ മാസം 25ന് വാർഷികപ്പതിപ്പ് പുറത്തിറങ്ങും.
1932ൽ പ്രസിദ്ധീകരണം ആരംഭിച്ച 'ചന്ദ്രിക' മലയാളത്തിലെ മുൻനിര സാഹിത്യ-സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളിൽ ഒന്നായിരുന്നു. സി.എച്ച് മുഹമ്മദ് കോയ അടക്കം പ്രമുഖർ വാരികയുടെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. എം.ടി വാസുദേവൻ നായർ, എം. മുകുന്ദൻ, വി.കെ.എൻ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവർ ആദ്യകാലങ്ങളിൽ വാരികയിൽ സ്ഥിരം എഴുത്തുകാരായിരുന്നു.
ഇതിനുമുൻപും ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം നിർത്തിവച്ചിരുന്നു. പിന്നീട് 2011 ഏപ്രിൽ 23ന് പ്രസിദ്ധീകരണം പുനരാരംഭിച്ചു. എം.ടി വാസുദേവൻ നായരായിരുന്നു പുനഃപ്രകാശനം നടത്തിയത്. കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പത്രാധിപരായായിരുന്നു ആഴ്ചപ്പതിപ്പ് പുനരാരംഭിച്ചത്. അടുത്തിടെ അദ്ദേഹം ആഴ്ചപ്പതിപ്പ് വിടുകയും ചെയ്തു.
കോവിഡ് കാലത്ത് ആഴ്ചപ്പതിപ്പിന്റെ അച്ചടി നിർത്തിവച്ചിരുന്നു. പിന്നീട് ഡിജിറ്റൽ രൂപത്തിലായിരുന്നു പുറത്തിറങ്ങിയത്. ഡിജിറ്റൽ പതിപ്പ് ഉൾപ്പെടെയാണ് കഴിഞ്ഞ ജൂലൈയിൽ നിർത്തിയത്. പത്രത്തിന്റെ ഫിനാൻസ് ഡയരക്ടർ പി.എം.എ സമീർ ആണ് കഴിഞ്ഞ ജൂണിൽ പ്രസിദ്ധീകരണങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് 'ചന്ദ്രിക' ആഴ്ചപ്പതിപ്പും 'മഹിളാ ചന്ദ്രിക'യും പ്രസിദ്ധീകരണം നിർത്തുന്നതെന്നാണ് ഡയരക്ടർ ബോർഡിനു വേണ്ടി സമീർ വിശദീകരിച്ചത്.
എന്നാൽ, സമീർ ഉൾപ്പെടെയുള്ള മാനേജ്‌മെന്റിന്റെയും ചില ലീഗ് നേതാക്കളുടെയും പിടിപ്പുകേടാണ് പത്രത്തെ ഈ ദുരവസ്ഥയിലെത്തിച്ചതെന്ന ആരോപണവുമായി പാർട്ടി പ്രവർത്തകരിൽ ഒരു വിഭാഗവും പത്രത്തിലെ ജീവനക്കാരും രംഗത്തെത്തിയിരുന്നു. സമീർ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു.
Summary: 'Chandrika' weekly resumes publication
Adjust Story Font
16