തെരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളിൽ പോലും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു; എല്ലാം ജനം തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ
ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. എല്ലാവിധത്തിലും ശുഭപ്രതീക്ഷയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
കോട്ടയം: തെരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളിൽ പോലും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും വികസനമാണ് ചർച്ചയായതെങ്കിൽ വ്യക്തിയധിക്ഷേപം നടത്തില്ലായിരുന്നെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ വികസനം തടസപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. തന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. ഇങ്ങനൊരു തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അങ്ങനെ സംഭവിച്ചു. ജയമോ പരാജയമോ ഭൂരിപക്ഷമോ ഭൂരിപക്ഷമില്ലായ്മയോ എല്ലാം ജനം തീരുമാനിക്കും. അവരുടെ കോടതിയിലേക്ക് പോവുകയാണ്.
അസത്യ പ്രചാരണങ്ങൾ നടത്തില്ലെന്നും വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും പറഞ്ഞവർ കഴിഞ്ഞ രണ്ട് ദിവസമായി എന്താണ് നടത്തുന്നത്. താൻ വികസനം എണ്ണിയെണ്ണി പറഞ്ഞെന്നും എൽഡിഎഫ് വികസന ചർച്ചയ്ക്ക് വന്നില്ലെന്നും ഇല്ലാത്ത ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടുവരികയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തന്റെ പിതാവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ പ്രധാന പ്രശ്‌നം. സത്യം എന്താണെന്ന് അദ്ദേഹം എഴുതിവച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പൊതുവെ നല്ല പോളിങ്ങാണ് കാണുന്നതെന്നും അനുകൂല കാലാവസ്ഥയാണെന്നും എല്ലാവിധത്തിലും ശുഭപ്രതീക്ഷയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. വാകത്താനത്തെ ബൂത്തുകളിൽ സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Adjust Story Font
16