"ജനങ്ങളുടെ വേദന ഞങ്ങളുടേതുമാണ്"; കെറെയിലിനെതിരെ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്
സർക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ആര്‍ച്ച് ബിഷപ്പ് ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്നത്
കെറെയിലിനെതിരെ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാൻ അധികാരികൾ ശ്രമിക്കരുത്. ജനങ്ങളുടെ ഉത്ക്കണ്ഠയും വേദനയും ഞങ്ങളുടേതുമാണെന്നും മാർ ജോസഫ് പെരുന്തോട്ടം ദീപിക പത്രത്തിലെ ലേഖനത്തിൽ കുറിച്ചു.
സർക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ആര്‍ച്ച് ബിഷപ്പ് ലേഖനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളുടെ മനസ്സ് നീറുകയാണ്. ഉള്ളതെല്ലാം ഉപേക്ഷിച്ച് പോവേണ്ടി വരുമെന്ന ഭീതി അവർക്കുണ്ട്. അതിനെ തുടർന്നാണ് അവർ പ്രതിഷേധിക്കാനിറങ്ങുന്നത്. സ്വന്തം സ്ഥലത്ത് സ്വൈര്യമായി ജീവിക്കുന്നവർക്കെതിരായാണ് സര്‍ക്കാരിന്‍റെ അധിക്ഷേപം. അധികാരമുപയോഗിച്ച് ഇതിനെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത് കൊണ്ടാണ് പ്രശ്‌നം ഇത്രമേൽ വഷളാവുന്നത് എന്നും ലേഖനത്തില്‍ പറയുന്നു.
ജനങ്ങളുടെ സമരത്തെ വിമോചനസമരത്തോട് ഉമപിച്ചതിനെതിരെയും ലേഖനത്തില്‍ രൂക്ഷ വിമർശനമുണ്ട്. മതമേലധ്യക്ഷന്മാരുടെ ഇടപെടൽ വിമോചന സമരമായി പരിഹസിക്കുന്നത് ശരിയല്ല. കെ റെയിൽ ഇരകളെ മതസമുദായ നേതാക്കൾ സന്ദർശിക്കുന്നതിനെ രാഷ്‌ട്രീയം കലർത്തി വിമർശിക്കുന്നത് പ്രതിഷേധാർഹമാണ്. രാഷ്‌ട്രീയത്തിനും മറ്റു വിഭാഗീയചിന്തകൾക്കും അതീതമായി ഈ പ്രശ്നത്തിന് ഉചിതമായ പരിഹാരം കണ്ടെത്താൻ എല്ലാവരും ഒരുമിക്കണം. മതസാമുദായിക സംഘടനകൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സർക്കാരിന്റെ നീക്കമെന്നും ആര്‍ച്ച് ബിഷപ്പ് കുറിച്ചു.
Adjust Story Font
16