ചങ്ങനാശേരിയില്‍ ഇന്ന് ഹർത്താൽ
മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
കോട്ടയം ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ. ഇന്നലെ മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
രാവിലെ ആറ് മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജനകീയ സമര സമിതി നടത്തുന്ന ഹർത്താലിന് യുഡിഎഫ്, ബിജെപി, എസ്‍യുസിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടേയും പിന്തുണയുണ്ട്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് സമര സമിതി അറിയിച്ചു.
മാടപ്പള്ളിയിൽ ഇന്നലെയുണ്ടായത് അസാധാരണ സംഭവങ്ങളാണ്. ഇന്നലെ പത്തരയോടെയായിരുന്നു ആദ്യ നീക്കം. മാടപ്പള്ളിയിലെ പത്താം വാർഡിലേക്ക് എത്തിയ കെ റെയിലിന്‍റെ വാഹനം സമരക്കാർ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ കെ റെയിൽ ജീവനക്കാർ മടങ്ങി.
എന്നാൽ രണ്ടാമത്തെ ശ്രമം പൊലീസിന്റെ ഒത്താശയോടെയായിരുന്നു. ഒരു മണിയോടെ കല്ലിടാൻ കെ റെയിൽ ജീവനക്കാർ വീണ്ടുമെത്തി. പക്ഷേ ഒറ്റക്കെട്ടായി സമരക്കാരും നാട്ടുകാരും അണിനിരന്നതോടെ പൊലീസ് അറസ്റ്റിലേക്ക് കടന്നു.
കേരള കോൺഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരി, വി ജെ ലാലി എന്നിവർക്കും പൊലീസ് നടപടിയിൽ പരിക്കേറ്റു . ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മാടപ്പള്ളിയിലെ ആദ്യത്തെ കല്ല് കെ റെയിൽ ജീവനക്കാർ സ്ഥാപിക്കാൻ സാധിച്ചത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
Adjust Story Font
16