Quantcast

ബാർബർ സമൂഹത്തിന് വിലക്ക്: ചങ്ങാനാശ്ശേരി പുതൂര്‍പള്ളിയിലെ തീരുമാനം റദ്ദാക്കി; പ്രശ്നം ഒത്തുതീർപ്പാക്കി

കൊച്ചി കലൂരിലെ വഖഫ് ബോര്‍ഡ് ഓഫീസില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം.

MediaOne Logo

Web Desk

  • Published:

    23 Oct 2024 2:39 PM GMT

Changanassery Puthurpally decision overturned for Ban on barber community
X

കോട്ടയം: പള്ളി കമ്മിറ്റിയിൽ അംഗത്വം എടുക്കുന്നതിനും യോഗങ്ങളിൽ പങ്കെടുക്കുന്നതിനും ബാർബർ സമൂഹത്തിന് വിലക്കേർപ്പെടുത്തിയ ചങ്ങനാശ്ശേരി പുതൂർപള്ളി കമ്മിറ്റി തീരുമാനം റദ്ദാക്കി. വഖഫ് ബോര്‍ഡിന്റെ അധ്യക്ഷതയില്‍ പള്ളി ഭാരവാഹികളും പരാതിക്കാരും ചേര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കി. പുത്തൂര്‍ പള്ളി മഹല്ലിലുണ്ടായ വിവേചനം കേരളത്തില്‍ ഒരു മഹല്ലിലും ആവര്‍ത്തിക്കരുതെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ സക്കീര്‍ മീഡിയവണിനോട് പറഞ്ഞു.

കൊച്ചി കലൂരിലെ വഖഫ് ബോര്‍ഡ് ഓഫീസില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം. വിഷയത്തില്‍ വിവിധ പരാതികളിന്മേല്‍ നിയമനടപടികള്‍ തുടരുന്നതിനിടെയാണ് പള്ളിഭാരവാഹികളും പരാതിക്കാരും തമ്മില്‍ പ്രശ്നം ഒത്തുതീര്‍പ്പായത്. 230 വര്‍ഷം പഴക്കമുളള പുതൂര്‍പളളിയുടെ ഭരണഘടന തിരുത്തി മുസ്‌ലിം സമുദായത്തിലെ എല്ലാ വിശ്വാസികള്‍കള്‍ക്കും പള്ളിയുടെ അംഗത്വമെടുക്കുന്നതിനും വോട്ടിങ് നടപടിക്രമങ്ങള്‍ക്കും ഭാഗമാകാമെന്ന് തീരുമാനമായി.

പുതൂർ മുസ്‌ലിം ജമാഅത്തിൽ വിവേചനമുള്ളതായി കഴിഞ്ഞ വര്‍ഷം ജൂലൈ ആദ്യത്തിലാണ് പരാതിയുയർന്നത്. ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനമില്ലെന്നും യോഗത്തിൽ പങ്കെടുത്ത തനിക്ക് നോട്ടീസ് നൽകിയെന്നും നാട്ടുകാരനായ അനീഷ് സാലി പരാതിപ്പെട്ടിരുന്നു. പൂർവികരുടെ പാരമ്പര്യം തെറ്റിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാർബർ വിഭാഗത്തിൽപ്പെട്ട അനീഷിന് നോട്ടീസ് നൽകിയത്. ഇത് വിവാദമായതോടെ വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഇടപെടുകയായിരുന്നു.

കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതോടെ നിയമാവലിയിൽ മാറ്റം വരുത്തി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി മുന്നോട്ടുപോവാനുള്ള പ്രവർത്തനങ്ങൾക്ക് 51 അംഗ നിയമാവലി കമ്മിറ്റി രൂപീകരിച്ചിരുന്നു.


TAGS :

Next Story