Quantcast

'എനിക്ക് നേരെ പണ്ട് കോൺഗ്രസ് നേതാവ് നിറയൊഴിച്ചു'; പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് മുഖ്യമന്ത്രി

എംഎൽഎയായിരിക്കേ തനിക്കെതിരെ ഒരാൾ വെടിയുതിർത്തതും തോക്ക് ചൂണ്ടിയതുമാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2022-07-19 07:13:21.0

Published:

19 July 2022 6:54 AM GMT

എനിക്ക് നേരെ പണ്ട് കോൺഗ്രസ് നേതാവ് നിറയൊഴിച്ചു; പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ചർച്ച ചെയ്യവേ തനിക്കെതിരെ നടന്ന പഴയ ആക്രമണ ശ്രമവും വധശ്രമവും ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയായിരിക്കേ തനിക്കെതിരെ ഒരാൾ വെടിയുതിർത്തതും തോക്ക് ചൂണ്ടിയതുമാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞത്.

''ചോലമ്പ്ര തെക്കിടാരിപ്പൊയിലിൽ കോൺഗ്രസ് നേതാവ് എന്റെ നേരെയായിരുന്നു നിറയൊഴിച്ചത്. പേര് ഞാൻ പറയുന്നില്ല. സണ്ണി ജോസഫിനൊക്കെ അറിയുമെന്ന് തോന്നുന്നു. അന്ന് ഞാൻ എംഎൽഎയായിരുന്നു. മറ്റൊരിക്കൽ മമ്പറത്ത് വെച്ച് എനിക്ക് നേരെ ഒരാൾ തോക്കുചൂണ്ടി. പക്ഷേ നിറയൊഴിച്ചില്ല. അന്നും ഞാൻ എംഎൽഎയായിരുന്നു. പിന്നീട് അന്വേഷണത്തിൽ കളിത്തോക്കാണെന്നാണ് കണ്ടെത്തിയത്'' മുഖ്യമന്ത്രി രണ്ടു സംഭവങ്ങളെ കുറിച്ച് പറഞ്ഞു.

പിണറായി സർവീസ് സഹകരണ ബാങ്കിന്റെ തറക്കല്ലിടലിന്റെ അന്ന് തന്റെ വീട്ടിൽ നിന്ന് വയലിലൂടെയുള്ള വഴിയരികിലെ കടയിൽ നാലഞ്ചാളുകൾ രാവിലെ അരിവാളുമായി വന്നു നിൽക്കുന്നുണ്ടായിരുന്നുവെന്നും ചാരായം കുടിക്കാൻ അവർ ഗ്ലാസ് ചോദിച്ചപ്പോൾ സംശയം തോന്നിയ കുട്ടി വീട്ടിൽ ഇക്കാര്യം പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ആശങ്ക തോന്നിയ അവർ പോകുകയായിരുന്നുവെന്നും പിണറായി ഗ്രാമത്തെ കുറിച്ച് അറിയുന്നവർക്ക് ഇക്കാര്യം മനസ്സിലാകുമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. താൻ ആ വഴിയിലൂടെയാണ് ബാങ്കിന്റെ തറക്കല്ലിടലിന് പോകുകയെന്ന് അവർക്ക് അറിയാമായിരുന്നുവെന്നും പറഞ്ഞു. ഇത്തരം നിരവധി സംഭവങ്ങൾ കണ്ണൂരിൽ നേരിടേണ്ടിവന്ന ആളാണ് താനെന്നും അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നവർ ഇപ്പോഴും അത് തുടരുന്നുവെന്നതിന്റെ തെളിവാണ് വിമാനത്തിലുണ്ടായ സംഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നെ ആക്രമിക്കാനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ കയറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചർച്ച നടത്തിയാണ് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ തീരുമാനിച്ചത്. മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരാവാഹിയുമായ വ്യക്തിയുടെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരാൾ 13,000 രൂപയോളം വരുന്ന വിമാന ടിക്കറ്റ് സ്‌പോൺസറെ വെച്ച് സംഘടിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളെയും മറികടന്നാണ് ഇവർ വിമാനത്തിൽ കയറിപ്പറ്റിയത്. എയർഹോസ്റ്റസുമാർ തടയാൻ ശ്രമിച്ചെങ്കിലും അത് വകവെക്കാതെ ഇവർ മുന്നോട്ടു നീങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാനും അവസരോചിതമായി ഉയർന്നാണ് അക്രമികളെ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവരെ തടഞ്ഞതിന്റെ പേരിൽ ഇ.പി ജയരാജനെതിരെ കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Chief Minister Pinarayi Vijayan recalled the previous attack and assassination attempt on him.

TAGS :

Next Story