'സി.എ.എ മനുഷ്യത്വ വിരുദ്ധം'; മുസ്‍ലിംകളെ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്ന് മുഖ്യമന്ത്രി
സി.എ.എക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾക്ക് പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാത്തരത്തിലും അത് ഉറപ്പിക്കുമെന്നും അതിനാണ് സുപ്രിംകോടതിയിലെ ഒറിജിനൽ സ്യൂട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എ.എ ഭരണഘടനാ വിരുദ്ധവും മനുഷ്യത്വവിരുദ്ധവും ജനവിരുദ്ധ വർഗീയ അജണ്ടയുമാണ്. നിയമം ഇന്ത്യ എന്ന ആശയത്തിന് എതിരാണെന്നും മുസ്‍ലിങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
"സംഘപരിവാർ മനസ്സിൽ നിന്നാണ് ഈ നിയമം വരുന്നത്. മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും സർക്കാറുകൾക്ക് കൊണ്ടുവരാൻ കഴിയില്ല. കുടിയേറിയ മുസ്‍ലിങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് കേന്ദ്ര ലക്ഷ്യം. സി.എ.എ, എൻ.പി.ആർ എന്നിവ കേരളത്തിൽ നടപ്പാക്കില്ല. സി.എ.എ റദ്ദാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള നിയമസഭയാണ്. യോജിച്ച പ്രക്ഷോഭങ്ങൾക്ക് പ്രതിപക്ഷം തയ്യാറായില്ല. സി.എ.എ വിഷയത്തിൽ പാർലമെന്റിൽ ഏറ്റവും ശക്തമായ ശബ്ദം ഉയർത്തിയത് എ.എം ആരിഫാണ്. കോൺഗ്രസുകാർ മൗനം പാലിച്ച് മൂലക്കിരുന്നു."- മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായ സമരത്തിൽ കോൺഗ്രസ് ആദ്യഘട്ടത്തിൽ എവിടെയുമില്ലായിരുന്നു. കോൺഗ്രസ് പാർട്ടി ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല. രാഹുൽഗാന്ധി വിഷയം അറിഞ്ഞതായി ഭാവിച്ചില്ല. നിയമം നേരത്തെ നടപ്പാക്കിക്കൂടെയെന്നാണ് കെ.സി വേണുഗോപാൽ ചോദിച്ചത്. കോൺഗ്രസ് വിശ്വസിക്കാൻ കൊള്ളാത്ത പാർട്ടിയാണെന്ന് തെളിയിക്കുന്നു. അവരുടേത് കാപട്യ നിലപാടാണ്. 2025ൽ കടുത്ത വർഗീയതയാണ് ആർ.എസ്.എസ് അജണ്ട. അതിലേക്കുള്ള പാലമാണ് സി.എ.എ. അതിനെതിരായ പോരാട്ടത്തിൽ എൽ.ഡി.എഫിനെ വിശ്വസിക്കാം. ആ പോരാട്ടത്തിന് എൽ.ഡി.എഫും സംസ്ഥാന സർക്കാറും മുൻപന്തിയിലുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേസുകൾ പിൻവലിക്കാത്തത് പ്രചരണ വിഷയമാക്കി ഉയർത്തുന്നുണ്ട്. കേസുകൾ പിൻവലിക്കുമെന്നുള്ളത് നേരത്തേയെടുത്ത നിലപാടാണ്. 835 കേസിൽ 629 കേസുകൾ പിൻവലിച്ചു. അന്വേഷണത്തിലുള്ളത് ഒരു കേസ് മാത്രമാണ്. കേസ് പിൻവലിക്കാൻ ബന്ധപ്പെട്ടവർ അപേക്ഷ നൽകണം. അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവത്തിലുള്ളതുമായ കേസുകളാണ് പിൻവലിക്കാതെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16