'ഒരു വിശ്വാസ്യതയും ഇല്ല': തെരഞ്ഞെടുപ്പ് സർവേകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
''ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ പല മന്ത്രിമാരും തോൽക്കുമെന്നാണ് നിയമസഭ കാലത്തെ സർവേകള്‍ പറഞ്ഞിരുന്നത്''
മലപ്പുറം: തെരഞ്ഞെടുപ്പ് സർവേകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സർവേകൾക്ക് ഒരു വിശ്വാസ്യതയും ഇല്ലെന്നും പേയ്ഡ് സർവേകളാണ് പുറത്ത് വിടുന്നത് എന്ന സംശയം ജനങ്ങൾക്ക് ഉണ്ടെന്നും പിണറായി വിജയൻ മലപ്പുറത്ത് പറഞ്ഞു.
സർവേകളുടെ ശാസ്ത്രീയത പ്രേക്ഷകരോട് പറയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ പല മന്ത്രിമാരും തോൽക്കുമെന്നാണ് നിയമസഭ കാലത്തെ സർവേകള്‍ പറഞ്ഞിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം യു.ഡി.എഫ് വനിതാ പ്രവർത്തകർക്കെതിരായ വെണ്ണപ്പാളി പരാമർശത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ജയരാജന്റെ പരാമർശം ക്രീമിലെയറിന്റെ ഭാഗമായി പറഞ്ഞതാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എന്നാല്‍ പരാമർശത്തിൽ ലൈംഗികത കാണാൻ കഴിയില്ലെന്നും കുലസ്ത്രീ എന്നാകും താൻ പരിഭാഷപ്പെടുത്തുകയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
Adjust Story Font
16