കോവിഡ് വാക്സിൻ കേന്ദ്ര സർക്കാർ തരുന്നതും നോക്കിയിരിക്കില്ലെന്ന് മുഖ്യമന്ത്രി
കേന്ദ്രത്തിൻറെ വാക്സിൻ നയത്തിൻറെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു
കോവിഡ് വാക്സിൻ കേന്ദ്ര സർക്കാർ തരുന്നതും നോക്കിയിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നു. എന്നാൽ കേന്ദ്രം തരുന്നതും നോക്കി കാത്തിരിക്കില്ല. കേന്ദ്രത്തിൻറെ വാക്സിൻ നയത്തിൻറെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
വാക്സിൻറെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാമ്പുകൾ സജ്ജീകരിക്കും. 18 മുതൽ 45 വയസ് വരെയുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സിൻ കൊടുക്കും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഈ വിഭാഗത്തിൽപ്പെട്ട 1.65 കോടിയാളുകൾ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്സിൻ നൽകുന്നതിൽ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാൻ സംവിധാനം കൊണ്ടു വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവർക്ക് മുൻഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. വാക്സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സിന് ഓർഡർ നൽകും. അടിയന്തരസാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്പോൺസ് ടീമിനെ സഹായിക്കാൻ അധ്യാപകരെ നിയോഗിച്ചു. രോഗികൾ ക്രമാതീതാമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ രണ്ട് സെക്ടറായി തിരിച്ച് ഓക്സിജൻ ലഭ്യമാക്കാൻ സംവിധാനമൊരുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
Adjust Story Font
16