Quantcast

'മുഖ്യമന്ത്രി രാജിവയ്ക്കണം; പി.വി അൻവറിന്റെ ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണം': വി.ഡി സതീശൻ

'മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും അറിവോടെയാണ് തൃശൂർ പൂരം കലക്കിയത്. പൂരം കലക്കി ബി.ജെ.പിയുടെ കൈയിലേക്ക് കൊടുത്തു. ഇത് ഞങ്ങൾ അന്നേ പറഞ്ഞതാണ്. ഇന്നിപ്പോൾ സി.പി.എം എം.എൽ.എ അതേ ആരോപണം ഉന്നയിക്കുകയാണ്'.

MediaOne Logo

Web Desk

  • Updated:

    2024-09-01 12:46:15.0

Published:

1 Sep 2024 10:27 AM GMT

Chief Minister should resign PV Anwars allegations should be investigated by CBI Says VD Satheesan
X

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയുൾപ്പെടെ പി.വി അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി രാജിവയ്ക്കണം. ആരോപണവിധേയരായ ഉദ്യോ​ഗസ്ഥരെ ഇന്നു തന്നെ സസ്പെൻഡ് ചെയ്യുകയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കുകയും വേണം. അൻവറിന്റെ വെളിപ്പെടുത്തലുകളിലൂടെ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞതായും വി.ഡി സതീശൻ വ്യക്തമാക്കി.

'മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും അറിവോടെയാണ് തൃശൂർ പൂരം കലക്കിയത്. തൃശൂർ പൂരം കലക്കാൻ കമ്മീഷണർ രാവിലെ 11 മുതൽ കുഴപ്പമുണ്ടാക്കുകയാണ്. മുഖ്യമന്ത്രി അനങ്ങിയില്ല. ഡി.ജി.പി അനങ്ങിയില്ല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അനങ്ങിയില്ല. ആരുമനങ്ങിയില്ല. അങ്ങനെ പൂരം കലക്കി ബി.ജെ.പിയുടെ കൈയിലേക്ക് കൊടുത്തു. ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയായിരുന്നു അത്. ഇത് ഞങ്ങൾ അന്നേ പറഞ്ഞതാണ്. ഇന്നിപ്പോൾ സി.പി.എം എം.എൽ.എ അതേ ആരോപണം ഉന്നയിക്കുകയാണ്. ഇതൊക്കെ പ്രതിപക്ഷം പറഞ്ഞതാണ്. നിയമസഭയിലും പുറത്തുംപറഞ്ഞതാണ്. മുഖ്യമന്ത്രി നിഷേധിക്കട്ടെ'- സതീശൻ പറഞ്ഞു.

'മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രമാത്രം അധഃപതിച്ചൊരു കാലമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്വർണക്കള്ളക്കടത്ത് ആരോപണം, ഇപ്പോൾ വീണ്ടും സ്വർണക്കടത്ത്, കൊലപാതകം, തൃശൂർപൂരം കലക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ വന്നിരിക്കുകയാണ്. അതായത് മുഖ്യമന്ത്രിക്കു നേരെ. പണ്ടേ പോവേണ്ടതായിരുന്നു മുഖ്യമന്ത്രിസ്ഥാനം. അന്ന് ബി.ജെ.പിയുടെയും കേന്ദ്ര ഏജൻസികളുടേയും സഹായത്താൽ രക്ഷപെട്ടതാണ്. ഇനിയൊരു നിമിഷം പോലും മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ല'.

'പത്തനംതിട്ട എസ്.പിയും സി.പി.എം എം.എൽ.എയും തമ്മിലുള്ള സംഭാഷണം ഞെട്ടിക്കുന്നതാണ്. അടിയന്തരമായി ഇന്നു തന്നെ ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കണം. മുഖ്യമന്ത്രി രാജിവയ്ക്കണം. ഒരു സി.പി.എം എം.എൽ.എ ഇതൊക്കെ വന്ന് പറയുമ്പോൾ കേരളം ഞെട്ടുകയാണ്'.

'മന്ത്രിമാരുടെ ഫോണടക്കം ചോർത്തുന്നു എന്ന ആരോപണം ഗുരുതരമാണ്. മന്ത്രിമാരുടെ ചോർത്തുമ്പോൾ ഞങ്ങളുടെയും ചോർത്തുന്നുണ്ടാവുമല്ലോ. രാഷ്ട്രീയനേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം നേരത്തേ വന്നതാണ്. മന്ത്രിമാരുടെയടക്കം ഫോൺ ചോർത്തുന്നത് ഈ എ.ഡി.ജി.പിയാണെന്നത് ഗുരുതരമായ ആരോപണമാണ്. ഈ ആരോപണങ്ങളെല്ലാം സി.ബി.ഐ അന്വേഷിക്കണം'- അദ്ദേഹം ആവശ്യപ്പെട്ടു.

'സ്വർണക്കള്ളക്കടത്ത്, അതുമായി ബന്ധപ്പെട്ട് കൊലപാതകം നടന്നു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഒരു സി.പി.എം എം.എൽ.എ ഉന്നയിച്ചിരിക്കുന്നത്'. സർക്കാരിനെ വെട്ടിലാക്കുന്ന ആരോപണങ്ങൾ ഉന്നയിച്ചിട്ടും എന്തുകൊണ്ടായിരിക്കും പി.വി അൻവറിനെ സംരക്ഷിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പേടിയായിരിക്കും എന്ന് വി.ഡി സതീശൻ പറഞ്ഞു. അയാൾക്ക് കുറെ രഹസ്യങ്ങൾ അറിയാമായിരിക്കും. അയാൾ പറയുന്നത് തെറ്റാണെങ്കിൽ ഒരു നിമിഷം സി.പി.എമ്മിൽ ഉണ്ടാവുമോ?. അപ്പോൾ അയാളുടെ കൈയിൽ തെളിവുണ്ടായിരിക്കും. അയാളെ സർക്കാരിന് ഭയമായിരിക്കും.

'അല്ലെങ്കിൽ എസ്.പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നപ്പോൾതന്നെ അയാൾക്കെതിരെ നടപടിയെടുക്കേണ്ടേ. സർക്കാറും മുഖ്യമന്ത്രിയും എ.ഡി.ജി.പിയും പൊളിറ്റിക്കൽ സെക്രട്ടറിയും ക്ലിയറാണെങ്കിൽ ആദ്യം തന്നെ ഈ എം.എൽ.എയ്‌ക്കെതിരെ നടപടിയെടുക്കേണ്ടേ. ഇതുവരെ ഒന്നും ചെയ്തില്ലല്ലോ. പാർട്ടി സെക്രട്ടറിയും വാർത്താസമ്മേളനത്തിൽ ഒന്നും പറഞ്ഞില്ലല്ലോ. അപ്പോൾ എം.എൽ.എ പറഞ്ഞത് ശരിയായിരിക്കാം എന്നല്ലേ. അങ്ങനെയാണ് താനും വിശ്വസിക്കുന്നത്'.

തനിക്കെതിരെ അന്ന് പി.വി അൻവർ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ്. മുഖ്യമന്ത്രി പറഞ്ഞാൽ എന്തും ചെയ്യുന്ന ആളാണ്. തനിക്കെതിരായ ആരോപണം വിജിലൻസ് അന്വേഷിച്ച് ഒരു കഴമ്പുമില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിപ്പോൾ മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണങ്ങളെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

TAGS :

Next Story