'പറയാത്ത കാര്യം കൊടുത്ത 'ദ ഹിന്ദു'വിനെതിരെ കേസെടുക്കുമോ?, ചിരിച്ചാൽ പോരാ മറുപടി വേണം'; മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശൻ
'മുഖ്യമന്ത്രി പറയുന്നത് നുണകളാണ്, ആയിരം തവണ നുണ പറഞ്ഞാൽ അത് സത്യമാകുമോ?'
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പൂരം കലക്കൽ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും സതീശൻ പറഞ്ഞു. പറയാത്ത കാര്യം കൊടുത്ത 'ദ ഹിന്ദു'വിനെതിരെ കേസെടുക്കുമോ?, കൈസൻ പി.ആർ ഏജൻസിക്കെതിരെ കേസെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
'അഭിമുഖത്തിന് കൈസൻ എന്ന ഏജൻസിയാണ് സമീപിച്ചതെന്ന് ഹിന്ദു വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയുടെ ഇൻ്റർവ്യു നടക്കുമ്പോൾ ആർക്കെങ്കിലും കയറി വരാൻ പറ്റുമോ? മുഖ്യമന്ത്രി പറയുന്നത് നുണകളാണ്, ആയിരം തവണ നുണ പറഞ്ഞാൽ അത് സത്യമാകുമോ? ചോദ്യങ്ങളോട് ചിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രി മറുപടിയാണ് പറയേണ്ടതെന്നും' സതീശൻ പറഞ്ഞു.
'സെപ്റ്റംബർ 16ന് ഡൽഹിയിലെ പി.ആർ ഏജൻസി വാർത്താക്കുറിപ്പിറക്കി. അതിലെ കാര്യങ്ങളാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കേരളത്തിൽ സംഘപരിവാർ അജണ്ട മുഖ്യമന്ത്രി നടപ്പാക്കുന്നുവെന്നും' സതീശൻ കൂട്ടിച്ചേർത്തു.
അഭിമുഖവുമായി ബന്ധപ്പെട്ട പിആർ വിവാദത്തിൽ മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി ഒരു പൈസയും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരനാണ് അഭിമുഖത്തിനായി തന്നെ ബന്ധപ്പെട്ടതെന്നും അത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
Adjust Story Font
16