'മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തന്‍റെ കാറിൽ മനഃപൂർവം ഇടിപ്പിച്ചു'; പരാതിയുമായി നടൻ കൃഷ്ണകുമാർ
വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ ചീത്തവിളിച്ചെന്നും പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ പൊലീസ് വാഹനം തന്റെ വാഹനത്തെ മനഃപൂർവം ഇടിപ്പിച്ചുവെന്ന പരാതിയുമായി നടനും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ കൃഷ്ണ കുമാർ. കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയുന്നും കൃഷ്ണകുമാർ പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
'പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുകയായിരുന്നു. പന്തളം എത്തുന്നതിന് മുമ്പ് 20 മിനിറ്റ് മുമ്പാണ് സംഭവം. പൊലീസ് ബസ് ഹോണടിക്കുന്നുണ്ടായിരുന്നു. പക്ഷേ കാർ ഒതുക്കാൻ സ്ഥലമില്ലായിരുന്നു. കുറച്ച് മുന്നോട്ട് പോയി കാർ ഒതുക്കാമെന്ന് കരുതിയപ്പോൾ പൊലീസ് ബസ് കാറിൽ ഇടിപ്പിക്കുകയായിരുന്നു'. കൃഷ്ണകുമാര്‍ പറയുന്നു.
ബി.ജെ.പിയുടെ കൊടി കാറിൽ ഇരിക്കുന്നത് കണ്ടിട്ടുള്ള അസഹിഷ്ണുതയാണ് പൊലീസുകാർക്കെന്നും കൃഷ്ണകുമാർ പറഞ്ഞു. 'അവർ ചീത്തവിളിക്കുമ്പോൾ തിരിച്ച് ചീത്തവിളിക്കാൻ അറിയാഞ്ഞിട്ടില്ല. പക്ഷേ എന്റെ അച്ഛൻ പൊലീസുകാരനായിരുന്നു. യൂണിഫോമിൽ നിൽക്കുന്നവരോട് അപമര്യാദയായി പെരുമാറരുതെന്നാണ് അച്ഛൻ പഠിപ്പിച്ചത്.മൊത്തം സേനക്ക് ചീത്തപ്പേരുണ്ടാക്കുന്ന പൊലീസ് ഗുണ്ടകളാണ് ഇവർ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിർക്കാം. ഇത്തരം ഗുണ്ടാ പ്രവർത്തനങ്ങളും അപായപ്പെടുത്താൻ ശ്രമിക്കുന്ന പരിപാടികളും ഒരിക്കലും നില നിൽക്കില്ല'.. കൃഷ്ണകുമാർ പറഞ്ഞു.
Adjust Story Font
16