മുഖ്യമന്ത്രിയുടെ സന്ദർശനം: പാലക്കാട്ട് യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ
തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പാലക്കാട് എത്തുന്നത്
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് യൂത്ത് കോൺഗ്രസ് നേതാവിനെ കരുതൽ തടങ്കലിൽ എടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് തൃത്താലയിൽ കസ്റ്റഡിയിലെടുത്തത്. തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പാലക്കാട് എത്തുന്നത്.
രാവിലെ 10 മണിയോട് കൂടിയാണ് ഉദ്ഘാടനം. രാവിലെ ഏകദേശം 6 മണിയോട് കൂടി ഷാനിബിനെ ചാലിശ്ശേരി പൊലീസ് വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സിആർപിസി 153ാം വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കലാണെന്നാണ് പൊലീസിന്റെ വിശദീകരണം. നിലവിൽ ഷാനിബിനെ മാത്രമേ കരുതൽ തടങ്കലിൽ എടുത്തിട്ടുള്ളൂവെങ്കിലും കൂടുതൽ ആളുകളെ തടങ്കലിൽ വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സിപിഐഎമ്മിന്റെ ഓഫീസുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നേരത്തേ പാലക്കാട് പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചിരുന്നു. അന്ന് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധമുണ്ടാവുകയും ഏകദേശം നാലോളം സ്ഥലങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇന്ന് ഒരു പരിപാടി മാത്രമാണുള്ളതെങ്കിലും ബജറ്റും നികുതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കരുതൽ തടങ്കൽ.
കണ്ണൂരിലും യൂത്ത് കോൺഗ്രസ് നേതാവിനെ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. മട്ടന്നൂർ എടയന്നൂരിലെ ഷെബീറിനെയാണ് കരുതൽ തടങ്കലിൽ എടുത്തത്.
Adjust Story Font
16