Quantcast

വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; സ്കാനിങ് നടന്ന ലാബുകളിലെ സിസിടിവി പരിശോധിക്കും

സ്കാനിങ് റിപ്പോർട്ടുകളും മറ്റ് മെഡിക്കൽ രേഖകളും ഹാജരാക്കാൻ കുട്ടിയുടെ പിതാവിന് നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2024-11-30 00:55:22.0

Published:

30 Nov 2024 12:52 AM GMT

വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; സ്കാനിങ് നടന്ന ലാബുകളിലെ സിസിടിവി പരിശോധിക്കും
X

ആലപ്പുഴ: വൈകല്യങ്ങളോടെ കുഞ്ഞു ജനിച്ച സംഭവത്തിൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്. സ്കാനിങ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്കാനിങ് റിപ്പോർട്ടുകളും മറ്റ് മെഡിക്കൽ രേഖകളും ഹാജരാക്കാൻ കുട്ടിയുടെ പിതാവിന് നിർദേശം നൽകി.

തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ മെഡിക്കൽ സംഘമെത്തി കുഞ്ഞിനെ പരിശോധിച്ചിരുന്നു. കുഞ്ഞിന് വിദഗ്ധ ചികിത്സ നൽകുമെന്ന് സർക്കാർ നിയോഗിച്ച സമിതി കുടുംബത്തിന് ഉറപ്പുനൽകുകയും ചെയ്തു. ഒന്നരമണിക്കൂറോളമാണ് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോക്ടർ മീനാക്ഷിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കുട്ടിയെ പരിശോധിച്ചതും മാതാപിതാക്കളോട് സംസാരിച്ചതും. പ്രസവകാലത്ത് ലഭിച്ച സാങ്കേതിക പരിശോധന ഫലങ്ങൾ മുഴുവൻ സംഘം കണ്ടു. കുഞ്ഞിന് ഏതുതരം ചികിത്സ ലഭ്യമാക്കാൻ കഴിയും എന്ന പരിശോധനയാണ് സംഘം പ്രധാനമായും നടത്തിയത്. തുടർ ചികിത്സ ആലപ്പുഴയിൽ തന്നെ ഒരുക്കാം എന്ന ആവശ്യം സംഘം അംഗീകരിച്ചു.

കുഞ്ഞിൻ്റെ തുടർ ചികിത്സയ്ക്കുള്ള വിദഗ്ധ നിർദേശങ്ങൾ കുടുംബത്തിന് നൽകിയ സംഘം വിശദമായ റിപ്പോർട്ട്‌ ആരോഗ്യ വകുപ്പിന് നൽകും. റിപ്പോർട്ട് ലഭിച്ചശേഷമാകും കുഞ്ഞിന്റെ തുടർചികിത്സ സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുക്കുക. സ്‌കാനിങ് നടത്തിയ ലാബിൽ ഒരേ ഡോക്ടർ നൽകിയ റിപ്പോർട്ടിൽ രണ്ട് ഒപ്പ് കണ്ടെത്തിയിരുന്നു. സ്കാനിങ് നടത്തിയ വിവാദമായ മിഡാസ്സിലാണ് രണ്ട് റിപ്പോർട്ടിൽ രണ്ടുതരം ഒപ്പ് കണ്ടത്. റേഡിയോളജിസ്റ്റ് ഡോക്ടർ മനോജ് പ്രഭാകരന്റെ ഒപ്പിലാണ് കൃത്രിമം നടന്നതായി സംശയം.

ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുള്ളത്. ഈ മാസം എട്ടിനാണ് സുറുമി പ്രസവിച്ചത്. ഗർഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങിലും ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്റെ പിതാവ് പറയുന്നു. സ്‌കാനിങ് റിപ്പോർട്ടിൽ ഒരു പ്രശ്‌നവുമില്ലെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ലാബിൽ ഡോക്ടർമാർ തന്നെയാണോ റിപ്പോർട്ട് തയ്യാറാക്കിയത് എന്നതിൽ സംശയമുണ്ടെന്നും പിതാവ് കൂട്ടിച്ചേർത്തു. പ്രസവത്തിന്റെയന്നാണ് ഡോക്ടർ ഇക്കാര്യത്തെക്കുറിച്ച് അനീഷിനോട് പറയുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണുമുള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.

TAGS :

Next Story