Quantcast

മണിപ്പൂരിൽനിന്നുള്ള കുട്ടിക്കടത്ത്; അന്വേഷണം തുടരുന്നു- കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

തിരുവല്ല ആസ്ഥാനമായ ക്രിസ്ത്യന്‍ സന്നദ്ധ സംഘടന സത്യം മിനിസ്ട്രീസിന് എതിരെയാണ് അന്വേഷണം

MediaOne Logo

Web Desk

  • Updated:

    2024-07-10 08:22:43.0

Published:

10 July 2024 8:19 AM GMT

They are there: Confirmation from Satyam Ministries that missing children have reached Manipur,kukki association,latest newsഅവർ അവിടെയെത്തി: സത്യം മിനിസ്ട്രീസിൽ നിന്ന് കാണാതായ കുട്ടികൾ മണിപ്പൂരിലെത്തിയതായി സ്ഥിരീകരണം
X

തിരുവല്ല: മതിയായ രേഖകളില്ലാതെ മണിപ്പൂരിൽനിന്ന് കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. കുട്ടികളെ കൊണ്ടുവന്ന തിരുവല്ല മനക്കച്ചിറ ആസ്ഥാനമായ സത്യം മിനിസ്ട്രീസിനെതിരെയാണ് അന്വേഷണം. സ്ഥാപനത്തിനെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ശിശുക്ഷേമ സമിതി സർക്കാറിന് കൈമാറും.

മണിപ്പൂരിൽനിന്ന് കൊണ്ടുവന്ന മുഴുവൻ കുട്ടികളെയും കണ്ടെത്തിയില്ല എന്ന ഗുരുതര ആരോപണം സത്യം മിനിസ്ട്രീസ് നേരിടുന്നുണ്ട്. ശിശുക്ഷേമ സമിതി ആദ്യം പരിശോധനയ്‌ക്കെത്തിയ വേളയിൽ അമ്പതിലേറെ കുട്ടികളാണ് സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം 28 കുട്ടികളെ മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ളവർ സ്വദേശത്തേക്ക് മടങ്ങിയെന്നാണ് നിഗമനം. എന്നാൽ ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്.

ചൊവ്വാഴ്ച കണ്ടെത്തിയ കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റി ഇടപെട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. രണ്ടു മാസം മുമ്പ് 24 ആൺകുട്ടികളും 34 പെൺകുട്ടികളും അടക്കം 56 കുട്ടികളെയാണ് മണിപ്പൂരിൽനിന്ന് തിരുവല്ലയിലെത്തിച്ചിരുന്നത്. 19 ആൺകുട്ടികളും ഒമ്പത് പെൺകുട്ടികളുമാണ് ഇപ്പോൾ തിരുവല്ലയിലുള്ളത്. ആൺകുട്ടികളെ ശിശുക്ഷേമ സമിതിയുടെ അധീനതയിലുള്ള കൊല്ലം ബോയ്‌സ് ഹോമിലേക്കും പെൺകുട്ടികളെ തിരുവല്ലയിലെ മഞ്ഞാടി നക്കോൾസൺ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹോസ്റ്റലിലേക്കുമാണ് മാറ്റിയത്.

രഹസ്യാന്വേഷണ വിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ തിങ്കളാഴ്ച സത്യം മിനിസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കവിയൂരിലെ ജസ്റ്റിൻ ഹോമിലാണ് കുട്ടികളെ പാർപ്പിച്ചിരുന്നത്. ഇവിടെ കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ നിലയിലാണ് താമസിപ്പിച്ചിരുന്നത്. വേണ്ടത്ര ശുചിമുറികളും ഉണ്ടായിരുന്നില്ല. ഞായറാഴ്ചകളിൽ ബ്രഡ് മാത്രമാണ് കഴിച്ചിരുന്നത് എന്നും വിദ്യാർത്ഥികൾ പറയുന്നു.

ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വിദ്യാർത്ഥികളെ എത്തിക്കാനുള്ള യാതൊരു നടപടിക്രമവും പാലിക്കാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ശിശുക്ഷേമ സമിതി ജില്ലാ ചെയർമാൻ എൻ രാജീവ് പറഞ്ഞു. സത്യം മിനിസ്ട്രീസിനോട് വിശദീകരണം ചോദിച്ച് തിരുത്താനുള്ള സമയം നൽകിയിട്ടും സ്ഥാപനം നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ഒരു മാസം മുമ്പ് സ്ഥാപനത്തിന്റെ യൂട്യൂബ് ചാനലിൽ കുട്ടികൾ സ്‌കൂളിലെത്തുന്ന വീഡിയോ സത്യം മിനിസ്ട്രീസ് പങ്കുവച്ചിരുന്നു. സംഘർഷ മേഖലയിൽ നിന്ന് വീണ്ടും സ്‌കൂളിലേക്ക് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ. ബസിൽ സ്‌കൂളിലെത്തുന്നതും അവിടെ വച്ച് ഫാദർ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്. കുട്ടികളുടെ കലാപരിപാടികളും ചിത്രീകരിച്ചിട്ടുണ്ട്്. തിരുവല്ല സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് കുട്ടികൾ പഠിച്ചിരുന്നത്. 8,9 ക്ലാസുകളിലായിരുന്നു മിക്കവർക്കും പ്രവേശനം. ഇതിന്റെ വാർത്ത ദേശീയ മാധ്യമങ്ങൾ അടക്കം പ്രസിദ്ധീകരിച്ചിരുന്നു.

ഈ കുട്ടികളുടെ പഠനാവശ്യങ്ങൾക്കു വേണ്ടി സത്യം ഇൻഡസ്ട്രീസ് ധനസമാഹരണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങുന്ന ന്യൂസ് ലെറ്റർ സത്യം ഡോട് ഓർഗ് എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നമുക്കീ കുരുന്നുകൾക്ക് തണലാകാം എന്ന തലക്കെട്ടിലാണ് സഹായാഭ്യർത്ഥന.




സത്യം മിനിസ്ട്രീസിന്റെ മണിപ്പൂർ ഘടകമാണ് കലാപ മേഖലയിൽ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ചത്. മലങ്കര കാത്തലിക് ചർച്ചിന്റെ ഉദ്യമത്തിലാണ് ഇവർക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഏർപ്പെടുത്തിത്. മ്യാന്മർ അതിർത്തിയോട് ചേർന്നു കിടക്കുന്ന ചണ്ഡേൽ ജില്ലയിലെ കുക്കി ഗോത്രവിഭാഗത്തില്‍ നിന്നുള്ള കുട്ടികളാണിവർ.

വി കെയർ ഫോർ ദ ബോഡി ആൻഡ് സോൾ എന്ന ആപ്തവാക്യത്തിൽ 1988ൽ സ്ഥാപിതമായ ക്രിസ്ത്യൻ സന്നദ്ധ സംഘടനയാണ് സത്യം മിനിസ്ട്രീസ്. ഡോ. സി.വി വടവനയാണ് സ്ഥാപകനും ചെയർമാനും.

TAGS :

Next Story