രക്തം പരിശോധിക്കാനെത്തി, പേവിഷ വാക്‌സിൻ കുത്തിവെച്ചു; അങ്കമാലി ആശുപത്രിക്കെതിരെ പരാതി
അങ്കമാലി സർക്കാർ ആശുപത്രിക്കെതിരെയാണ് പരാതി, കുട്ടിയുടെ അമ്മ ഒപ്പമില്ലാത്തപ്പോഴായിരുന്നു സംഭവം
അങ്കമാലി: എറണാകുളത്ത് രക്തം പരിശോധിക്കാനെത്തിയ കുട്ടിക്ക് പേവിഷ വാക്‌സീൻ കുത്തിവെച്ചതായി പരാതി. അങ്കമാലി സർക്കാർ ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ അമ്മ ഒപ്പമില്ലാത്തപ്പോഴാണ് ഏഴു വയസുകാരിക്ക് കുത്തിവയ്പ് എടുത്തത്. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചു. നഴ്‌സിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് പനിബാധിച്ച ഏഴ് വയസുകാരി അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. മരുന്ന് കഴിച്ചിട്ടും രോഗം ഭേദമാകാത്തതിനാൽ രക്തം പരിശോധിക്കാൻ ഡോക്ടർ നിർദേശം നൽകി. ഇതിനായി ലാബിൽ ചെന്ന കുട്ടിയ്ക്കാണ് പേ വിഷ വാക്സിൻ നൽകിയത്. ആശുപത്രി ഫോം പൂരിപ്പിക്കാനായി കുട്ടിയുടെ അമ്മ ലാബിൽ നിന്നും മാറിയപ്പോഴാണ് സംഭവം.
പേവിഷ വാക്സിൻ എടുക്കാൻ വന്നതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു നഴ്സ് വാക്സിൻ നൽകിയത്. സംഭവത്തിൽ നഴ്സിന് വീഴ്ചപറ്റിയെന്നും അന്വേഷണം നടത്തിയെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Adjust Story Font
16