ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദം;സർവകലാശാലക്ക് വിശദീകരണം നൽകി ഗൈഡ്
പ്രബന്ധം പരിശോധിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് ഗൈഡ് പി.പി.അജയകുമാറിന്റെ മറുപടി
തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിൽ ഗൈഡ് സർവകലാശാലക്ക് വിശദീകരണം നൽകി. പ്രബന്ധം പരിശോധിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് ഗൈഡ് പി.പി.അജയകുമാറിന്റെ മറുപടി. ഇന്ന് ഉച്ചയോടെ ആണ് സർവകലാശാല രജിസ്ട്രാർക്ക് വിശദീകരണം നൽകിയത്. പ്രബന്ധത്തിൽ കോപ്പിയടി അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ചിന്തയുടെ ഗൈഡിനോട് സർവകലാശാല വിശദീകരണം തേടിയത്. വിശദീകരണം പരിശോധിച്ച ശേഷം സർവകലാശാല തുടർ നടപടികളിലേക്ക് കടക്കും. പ്രബന്ധം പുനപരിശോധനയ്ക്ക് വിധേയമാക്കുന്നതടക്കം പരിഗണനയിലുണ്ട്
ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കേരള വിസി മോഹനന്‍ കുന്നുമ്മലിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരാതി നൽകിയിരുന്നു. ചിന്തയുടെ ഗൈഡ് ആയിരുന്ന ഡോ: പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണമെന്നും, എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണം എന്നീ ആവശ്യങ്ങളും പരാതിയിൽ ഉന്നയിച്ചിരുന്നു.
പ്രബന്ധത്തിൽ ചങ്ങമ്പുഴ എഴുതിയ വാഴക്കുല എന്ന കൃതിയുടെ രചയിതാവായി വൈലോപ്പിള്ളിയെ സമർത്ഥിച്ചതാണ് ആദ്യം വിവാദമായത്. പിന്നാലെ കോപ്പിയടി ആരോപണം കൂടി ഉയർന്നത് ചിന്തയെ കൂടുതൽ വെട്ടിലാക്കി. സമാനമായ നിരവധി പിഴവുകൾ പ്രബന്ധത്തിൽ ഉണ്ടെന്നും പരാതിക്കാർ ഉന്നയിക്കുന്നു. നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.
Adjust Story Font
16