'എത്ര നാളായി ഊഹാപോഹങ്ങള്‍'... സ്വകാര്യ കാര്യങ്ങള്‍ പരസ്യമാക്കുന്നതില്‍ പ്രയാസമെന്ന് ചിന്താ ജെറോം
യൂത്ത് കോണ്‍ഗ്രസാണ് ചിന്തയ്ക്കെതിരെ പരാതി നല്‍കിയത്
തിരുവനന്തപുരം: എത്ര നാളുകളായി തനിക്കെതിരെ ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ വരുന്നുവെന്ന് യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. പി.എച്ച്.ഡിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ വസ്തുതാപരമായ പിഴവ് വന്നെന്ന് താന്‍ സമ്മതിച്ചിട്ടുണ്ട്. ബാക്കിയെല്ലാം ഊഹാപോഹങ്ങളാണ്. അമ്മയുടെ അസുഖം, ഞങ്ങളുടെ താമസം പോലുളള തീര്‍ത്തും സ്വകാര്യമായ കാര്യങ്ങള്‍ കൂടി പൊതുസമൂഹത്തിന് മുന്നില്‍ വലിച്ചിഴയ്ക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്ന് ചിന്താ ജെറോം ആവശ്യപ്പെട്ടു.
"അമ്മയും ഞാനും മാത്രമാണ് വീട്ടിലുള്ളത്. കോവിഡ് സമയത്ത് അമ്മയ്ക്ക് സ്ട്രോക്ക് വന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ആദ്യം ചികിത്സ. അറ്റാച്ച്ഡ് ബാത്ത് റൂം ആവശ്യമായ സാഹചര്യത്തില്‍ വീട് പുതുക്കി പണിയാന്‍ തീരുമാനിച്ചു. അമ്മയ്ക്ക് ആയുര്‍വേദ ചികിത്സയും തീരുമാനിച്ചു. ഞാന്‍ വിദേശത്ത് പോയപ്പോഴൊക്കെ അമ്മ താമസിച്ചിരുന്നത് കൃഷ്ണപുരം ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറുടെ വീട്ടിലാണ്. അവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ താഴത്തെ നിലയില്‍ ഒഴിവുണ്ടെന്ന് അറിഞ്ഞപ്പോള്‍ അങ്ങോട്ടേക്ക് മാറുകയായിരുന്നു. 20000 രൂപയാണ് മാസവാടക. കോവിഡ് സാഹചര്യത്തില്‍ വീടുപണി നീണ്ടുപോയി. അമ്മയുടെ അസുഖം, ഞങ്ങളുടെ താമസം പോലുളള തീര്‍ത്തും സ്വകാര്യമായ കാര്യങ്ങള്‍ പരസ്യമാക്കുന്നതില്‍ പ്രയാസമുണ്ട്".
കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്ന് യൂത്ത് കോണ്‍ഗ്രസാണ് ആരോപിച്ചത്. 8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്മെന്‍റാണിതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എങ്കില്‍ 38 ലക്ഷത്തോളം രൂപ ചിന്ത നൽകേണ്ടി വരും. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിലും പരാതി നൽകിയത്.
Adjust Story Font
16