'രഞ്ജിത്തിന്റെ സിനിമകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നവ'; വിമർശനവുമായി ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം
വിവാദ 'വാഴക്കുല- വൈലോപ്പിള്ളി' പരാമർശത്തിന് തൊട്ടുമുമ്പാണ് ഈ വിമർശനം.
തിരുവനന്തപുരം: വാഴക്കുല കവിത വൈലോപ്പിള്ളിയുടേത് ആണെന്ന അബദ്ധ പരാമർശത്തിന്റെ പേരിൽ വിവാദമായ യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയും വിമർശനം. സംവിധായകരായ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നവയാണ് എന്നാണ് ചിന്താ ജെറോം ചൂണ്ടിക്കാട്ടുന്നത്.
വിവാദ 'വാഴക്കുല- വൈലോപ്പിള്ളി' പരാമർശത്തിന് മുമ്പാണ് ഈ വിമർശനം. കേരള നവോഥാനത്തിന്‍റെ പ്രധാന സൂചകങ്ങളിലൊന്നായ 'വാഴക്കുല' കവിതയുടെ രംഗാവിഷ്കാരം 1988ല്‍ ടി. ദാമോദരന്‍ രചിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ആര്യന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് സിനിമയുമായി ബന്ധപ്പെട്ട പ്രബന്ധത്തിൽ 'വാഴക്കുല'യെ പരാമർശിക്കാൻ കാരണം.
'ജാതിയെയും വർഗത്തെയും കുറിച്ചുള്ള തങ്ങളുടെ മനോഭാവത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ സർക്കാർ ആവിഷ്‌കരിച്ച അനുകരണ യോഗ്യമായ നയങ്ങൾക്ക് എതിരും നൂറ്റാണ്ടുകൾ നീണ്ട സമരത്തിലും വിപ്ലവത്തിലും വെള്ളം ചേർക്കുന്നതുമാണ് അവ'- പ്രബന്ധത്തിൽ പറയുന്നു.
ഇതേ രഞ്ജിത്തിനെയാണ് രണ്ടാം പിണറായി സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചിരിക്കുന്നത് എന്നിരിക്കെയാണ് ചിന്തയുടെ പ്രബന്ധത്തിലെ പരാമർശം ശ്രദ്ധേയമാവുന്നത്. 'നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്നതായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.
മലയാളത്തിലെ ഏറെ പ്രശസ്തമായ 'വാഴക്കുല' എന്ന കവിതയുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേര് ചേർത്ത പ്രബന്ധത്തിന് അംഗീകാരം ലഭിക്കുകയും ചിന്തയ്ക്ക് 2021ൽ ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്തിരുന്നു. യഥാർഥ രചയിതാവിന്റെ പേര് മാത്രമല്ല, വൈലോപ്പിള്ളിയുടെ പേര് പോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈലോപ്പിള്ളി എന്നതിന് പകരം വൈലോപ്പള്ളി എന്നാണ് ചിന്താ എഴുതിയിരിക്കുന്നത്.
തികച്ചും പുരോഗമനപരമായ കവിതയെ സവര്‍ണതയെ പിന്തുണയ്ക്കുന്ന പ്രതിലോമകരമായ ആശയത്തിന് അനുകൂലമാക്കി പരാമര്‍ശിക്കുന്നതിന് ഉദാഹരണമാക്കുകയാണ് ഗവേഷണ പ്രബന്ധത്തിലെ സൂചന. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്‍റെ മേല്‍നോട്ടത്തിൽ തയ്യാറാക്കിയ പ്രബന്ധം വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചില്ല.
സര്‍വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണബിരുദം നല്‍കും മുമ്പൊന്നും തെറ്റ് തിരിച്ചറിഞ്ഞുമില്ല. പ്രബന്ധത്തിൽ സമാനമായ നിരവധി തെറ്റുകൾ ഉണ്ടെന്ന ആരോപണവും ശക്തമാണ്. ബിരുദത്തിന് തയ്യാറാക്കി സമർപ്പിച്ച പ്രബന്ധം പുനഃപരിശോധിക്കണമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആവശ്യം.
ഗവേഷണത്തിന് മേൽനോട്ടം വഹിച്ച പ്രോ വി.സി പി. അജയകുമാറോ മൂല്യനിർണയം നടത്തിയവരോ പ്രബന്ധം പൂർണമായും പരിശോധിക്കാതെയാണ് ബിരുദത്തിന് ശിപാർശ ചെയ്തതെന്നും കേരള സർവകലാശാല വി.സിക്ക് നൽകിയ പരാതിയിൽ പറയുന്നു. ശമ്പളക്കുടിശിക വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം വീണ്ടും പുലിവാല്‍ പിടിച്ചത്. അതേസമയം, ഇങ്ങനെയൊരു കാര്യം ഓർക്കുന്നില്ലെന്നും പരിശോധിക്കാമെന്നുമായിരുന്നു ചിന്താ ജെറോമിന്റെ പ്രതികരണം.
Adjust Story Font
16