Quantcast

പൗരത്വ നിയമം : കേന്ദ്രസർക്കാരിനെ വിമർശിച്ച് കത്തോലിക്കാ സഭ മുഖപത്രം

രാഷ്ട്രീയ ലക്ഷ്യത്തോടെ ഇറക്കിയ സിഎഎ വിജ്ഞാപനം കണ്ട് മുസ്‍ലിംകള്‍ ഒഴികെയുള്ളവർ ബിജെപിയുടെ വോട്ട് വണ്ടിയില്‍ കയറുമെന്ന് കരുതരുതെന്നും മുഖപ്രസംഗം പറയുന്നു

MediaOne Logo

Web Desk

  • Published:

    13 March 2024 11:53 AM GMT

പൗരത്വ നിയമം : കേന്ദ്രസർക്കാരിനെ വിമർശിച്ച് കത്തോലിക്കാ സഭ മുഖപത്രം
X

മുസ്‍ലിംകളോട് വിവേചനം കാട്ടുന്ന പൗരത്വ നിയമഭേദഗതിയെ വിമർശിച്ച് സിറോ മലബാർ സഭാ മുഖപത്രമായ ദീപികയില്‍ മുഖപ്രസംഗം. ‘ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട’ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ നിയമത്തിന്‍റെ ഭരണഘടനാ വിരുദ്ധതയെയും കേന്ദ്രസർക്കാരിന്‍റെ ഉദ്ദേശ ശുദ്ധിയെയും ചോദ്യം ചെയ്യുന്നു.

കേന്ദ്രം കൊണ്ടുവന്ന നിയമങ്ങളിലേറെയും ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിക്കുന്നതാകുന്നത് യാദൃശ്ചികമല്ല.പൗരത്വ നിയമം അതിന്‍റെ തനിയാവർത്തനമാണ്. ഈ നിയമം രാജ്യത്തെ മുസ്‍ലിംകളിലുണ്ടാക്കുന്ന അന്യതാബോധവും അരക്ഷിതാവസ്ഥയും മാത്രമല്ല, ഭൂരിപക്ഷത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്.

രാഷ്ട്രീയ ലക്ഷ്യത്തോടെ ഇറക്കിയ സിഎഎ വിജ്ഞാപനം കണ്ട് മുസ്‍ലിംകള്‍ ഒഴികെയുള്ളവർ ബിജെപിയുടെ വോട്ട് വണ്ടിയില്‍ കയറുമെന്ന് കരുതരുതെന്നും മുഖപ്രസംഗം പറയുന്നു. ഇവിടെ ന്യൂനപക്ഷത്തെ ചവിട്ടുന്നവർ അയല്‍ രാജ്യത്തെ ന്യൂനപക്ഷത്തെ ആശ്ലേഷിക്കുമ്പോള്‍ വിഷയം ന്യൂനപക്ഷമാണോ അതോ മതമാണോ ?.

മറ്റു രാജ്യങ്ങളില്‍ നിന്ന് വന്ന് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ താമസിക്കുന്ന മുസ്‍ലിംകള്‍ ഈ നിയമത്തോടെ ഒറ്റപ്പെടും. അവരെ മറ്റു രാജ്യങ്ങള്‍ ഏറ്റെടുക്കാനുമിടയില്ല. തടങ്കല്‍ പാളയങ്ങളാണ് അടുത്ത വഴി. പാകിസ്താനിലെയും അഫ്ഗാനിലെയും ന്യൂനപക്ഷങ്ങളെ ഓർത്ത് കേഴുന്ന ബിജെപി സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിലവിളി ഇതുവരെ കേട്ടിട്ടില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

പൗരത്വ നിയമത്തിലൂടെ ക്രൈസ്തവർക്കും പൗരത്വം നല്‍കുമെന്നാണ് പറയുന്നത്. മണിപ്പൂരിലും യുപിയിലുമൊക്കെ ക്രൈസ്തവരെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ നിർമിക്കാനും അവിടെ ആരാധന നടത്താനും ഓടി നടക്കുന്ന പ്രധാനമന്ത്രി , ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ തകർക്കപ്പെടുന്നതിനെ കുറിച്ച് അറിഞ്ഞ ഭാവമില്ല.സംഘപരിവാറിലെ ഓരോ സംഘടനക്കും ന്യൂനപക്ഷങ്ങളെ ആക്രമിക്കാന് ഓരോ കാരണമാണ്.ന്യൂനപക്ഷസംരക്ഷണം എന്ന മഹത്തായ മതേതര മൂല്യമാണോ അതോ മതചിന്തയാണോ നിങ്ങളെ നയിക്കുന്നതെന്ന് ചോദിച്ചാണ് മുഖപ്രസംഗം അവസാനിക്കുന്നത്.





TAGS :

Next Story