Quantcast

പൗരത്വ ​ഭേദഗതി നിയമം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, ട്രെയിൻ തടഞ്ഞു

കോഴിക്കോട് ഫ്രട്ടേണിറ്റി ​പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി

MediaOne Logo

Web Desk

  • Updated:

    2024-03-11 19:29:00.0

Published:

11 March 2024 5:34 PM GMT

youth congress protest
X

കോഴിക്കോട്: കേന്ദ്ര സർക്കാർ പൗരത്വ ​ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് വെൽഫെയർ പാർട്ടി, എസ്.ഡി.പി​.ഐ, ഫ്രട്ടേണിറ്റി തുടങ്ങിയ വിവിധ സംഘടനകൾ തിങ്കളാഴ്ച രാത്രി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഉപരോധിച്ചു. രാത്രി പത്തരക്ക് എത്തിയ മലബാർ എക്സ്പ്രസ് ഉപരോധിച്ചത്. ഉപരോധസമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വി.ടി നിഹാൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം പ്രസിഡൻറ് പി.പി റമീസ് അധ്യക്ഷത വഹിച്ചു. അസംബ്ലി വൈസ് പ്രസിഡന്റ് ജിഫ്രിൻ, ജില്ലാ ജനറൽ സെക്രട്ടറി ആഷിക് തുടങ്ങിയവർ സംസാരിച്ചു.

ചൊവ്വാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു. മണ്ഡലതലങ്ങളിലാണ് പ്രതിഷേധം.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിഷേധറാലി ചൊവ്വാഴ്ച നടക്കും. രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തിൽനിന്നും ആരംഭിക്കും.

കോഴിക്കോട്ട് ഡി.വൈ.എഫ്.ഐ പന്തംകൊളുത്തി പ്രതിഷേധം നടത്തി. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫിസിലേക്ക് മാർച്ച് നടത്തി. മലപ്പുറത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

കോഴിക്കോട് വെൽഫെയർ പാർട്ടി സി.എ.എ വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. കോഴിക്കോട് ആകാശവാണി നിലയത്തി​ലേക്ക് ഫ്രട്ടേണിറ്റി പ്രവർത്തകർ മാർച്ച് നടത്തി. പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിചാർജ്. സംസ്ഥാന വൈസ് പ്രസിഡൻ്റ് ലബീബ് കായക്കൊടി ഉദ്ഘാടന പ്രസംഗം നടത്തികൊണ്ടിരിക്കെ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കാൻ പൊലീസ് ശ്രമം നടത്തി. അറസ്റ്റിന് വഴങ്ങാതായതോടെ പൊലീസ് ലാത്തിചാർജ് ചെയ്യുകയായിരുന്നു.

സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾ അടക്കമുള്ളവർക്ക് മർദനമേറ്റു. ബീച്ചിലുണ്ടായിരുന്ന പലർക്കും പൊലീസിൻ്റെ ലാത്തിയടിയേറ്റു. പത്തിലധികം പേർ ആശുപത്രിയിൽ ചികിത്സ തേടി. പ്രകോപനമില്ലാതെയാണ് പൊലിപ് മർദിച്ചതെന ഫ്രട്ടേണിറ്റി നേതൃത്വം ആരോപിച്ചു. 7 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദിൽ കുറ്റ്യാടി, ഷഹീൻ നരിക്കുനി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

എസ്.ഡി.പി.ഐ എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവയിൽ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിന് നേരെ ​പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്കുവട്ടി ജംഗ്ഷനിൽ സി.എ.എ വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ഖലീൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

സി.എ.എ, എൻ.ആർ.സി കരിനിയമങ്ങൾ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആലത്തൂർ ടൗണിൽ ആലത്തൂർ പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. റമദാൻ മാസത്തിലെ രാത്രിയിലെ പ്രാർത്ഥനയ്ക്ക് ശേഷം വിശ്വാസികൾ ഒന്നടങ്കം പ്രതിഷേധ റാലിയിൽ പങ്കെടുത്തു. ആലത്തൂർ മെയിൻ റോഡിൽനിന്ന് ആരംഭിച്ച പ്രകടനം സ്വാതി ജംഗ്ഷനിൽ സമാപിച്ചു.





TAGS :

Next Story