കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി: ഗതാഗത മന്ത്രിക്കെതിരെ സി.ഐ.ടി.യു
പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്ന് ആനത്തലവട്ടം ആനന്ദന്‍
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിക്കെതിരെ സി.ഐ.ടി.യു. ശമ്പളം മാനേജ്മെന്‍റാണ് നൽകേണ്ടതെന്ന മന്ത്രിയുടെ പ്രസ്താവന വലിയ പ്രതിഷേധമുണ്ടാക്കിയെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തവട്ടം ആനന്ദൻ പറഞ്ഞു.
പൊതുമേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. തൊഴിലാളിയുടെ വകയാണ് കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി സ്വന്തം കാലിൽ നിന്ന ചരിത്രമില്ലെന്നും ആനത്തവട്ടം ആനന്ദൻ പറഞ്ഞു. ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നടത്തിയ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ്പോർട്ട് ഭവന് മുന്നിലായിരുന്നു പ്രതിഷേധ ധർണ. സർക്കാരിന്‍റെ ഒന്നാം വാർഷിക ദിനത്തിലാണ് സി.ഐ.ടി.യു സമരം എന്ന പ്രത്യേകത കൂടിയുണ്ട്.
അതേസമയം കെ.എസ്.ആര്‍.ടി.സിയുടെ ഈ മാസത്തെ ശമ്പളം വിതരണം തുടങ്ങി. സർക്കാർ 30 കോടി രൂപ അധികമായി കെ.എസ്.ആര്‍.ടി.സിയ്ക്ക് അനുവദിച്ചു. ഇത് കെ.എസ്.ആര്‍.ടി.സി അക്കൗണ്ടിൽ എത്തിയാൽ ബാക്കി തുക ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുക്കും. 50 കോടി രൂപയാണ് ഓവർ ഡ്രാഫ്റ്റ് എടുക്കുന്നത്.
Adjust Story Font
16