'ലേ ഓഫ് ഇടത് മുന്നണിയുടെ നയമല്ല'; ഗതാഗത മന്ത്രിയെ തള്ളി സി.ഐ.ടി.യു
'ലേ ഓഫ് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ശമ്പളം വൈകുന്നതിലും ഉത്കണ്ഠയുണ്ട്'
തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ ലേ ഓഫ് വാദത്തെ തള്ളി സി.ഐ.ടി.യു. ഡീസൽ വില വർധനവ് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നു.ആ പ്രതിസന്ധിയാണ് മന്ത്രി പറഞ്ഞതെന്ന് കെ.എസ്.ആർ.ടി.ഇ .എ ( സി.ഐ.ടി.യു) ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു.'ലേ ഓഫ് ഇടത് മുന്നണിയുടെ നയമല്ല. ജീവനക്കാർക്ക് ആശങ്കയുണ്ട്. ലേ ഓഫ് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ശമ്പളം വൈകുന്നതിലും ഉത്കണ്ഠയുണ്ട്. കഴിഞ്ഞ മാസത്തെ പോലെ ഇത്തവണയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. സിഫ്റ്റിനെ സി.ഐ.ടി.യു പിന്തുണയ്ക്കുന്നു. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ അത് വേണ്ടത്ര ഫലം ചെയ്തിട്ടില്ലെന്നും വിനോദ് പറഞ്ഞു.
കെ.എസ്.ആർ.ടി.സിയിൽ ഒരുവിഭാഗം ജീവനക്കാരെ പിരിച്ചുവിടൽ വേണ്ടി വന്നേക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞത്. അടിക്കിടെ വർധിച്ചു വരുന്ന ഇന്ധനവിലയിൽ ആശങ്ക പ്രകടിപ്പിച്ചാണ് മന്ത്രിയുടെ പരാമർശം. ജീവനക്കാർക്ക് ലേ ഓഫ് ഏർപ്പെടുത്തേണ്ടി വരുമെന്ന ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയനും രംഗത്തെത്തിയിരുന്നു.
അതേ സമയം സ്വഫ്റ്റ് ബസിനെതിരെയും തൊഴിലാളി സംഘടനകൾ രംഗത്തെത്തിയിരുന്നു. എകെജി സെൻററിൽ നിന്ന് നൽകിയ ലിസ്റ്റ് പ്രകാരമാണ് സ്വിഫ്റ്റിൽ നിയമനങ്ങൾ നടക്കുന്നതെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു. ശമ്പളം നൽകാൻ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനാണ് ഗതാഗത മന്ത്രി, തൊഴിലാളി വിരുദ്ധ പ്രസ്താവനകൾ നടത്തുന്നത്. സ്വിഫ്റ്റിനെതിരായ നിയമ പോരാട്ടം തുടരുമെന്നും യൂണിയനുകൾ അറിയിച്ചു.
Adjust Story Font
16