സി ഐ ടി യു സമരം; കണ്ണൂരിൽ സ്ഥാപനം അടച്ചു പൂട്ടാൻ ഒരുങ്ങി കടയുടമകൾ
പതിനേഴു ദിവസമായി സ്ഥാപനത്തിന് മുന്നിൽ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ സമരം തുടരുകയാണ്
കണ്ണൂർ മാതമംഗലത്ത് സി ഐ ടി യു സമരത്തെ തുടർന്ന് സ്ഥാപനം അടച്ചു പൂട്ടാൻ ഒരുങ്ങി കടയുടമകൾ. തൊഴിൽ നിഷേധിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ പതിനേഴു ദിവസമായി സ്ഥാപനത്തിന് മുന്നിൽ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ സമരം തുടരുകയാണ്. സ്വന്തമായി കയറ്റിറക്ക് നടത്താൻ സ്ഥാപനത്തിന് ഹൈകോടതി അനുമതി നൽകിയിട്ടും ഇത് അംഗീകരിക്കില്ലന്ന നിലപാടിലാണ് സി ഐ ടി യു.
നേരത്തെ കോടതി നിർദേശ പ്രകാരം കടക്ക് പൊലീസ് സംരക്ഷണം ലഭിച്ചിരുന്നങ്കിലും ഇപ്പോൾ അതും ഇല്ല. എന്നാൽ തൊഴിലാളികളുടെ അവകാശം നേടിയെടുക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് സി ഐ ടി യു. കോടതി ഉത്തരവിന്റെ പേരിൽ പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താൻ അനുവദിക്കില്ല.
കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ എസ് ആർ അസോസിയേറ്റ് എന്ന പേരിൽ പ്രദേശത്ത് ഒരു ഹാർഡ് വെയർ ഷോപ്പ് ആരംഭിച്ചത്. പ്രവർത്തനം തുടങ്ങും മുൻപേ തൊഴിൽ നിഷേധം ആരോപിച്ച് സ്ഥാപനത്തിന് മുന്നിൽ സി ഐ ടി യു സമരം തുടങ്ങി. പിന്നാലെ ഉടമകൾ ഹൈ കോടതിയെ സമീപിച്ചു. സ്വന്തം നിലയിൽ കയറ്റിറക്ക് നടത്താൻ കോടതി ഇവർക്ക് അനുമതി നൽകി. തുടർന്ന് തത്കാലത്തേക്ക് സമരം അവസാനിപ്പിച്ച സി ഐ ടി യു പ്രവർത്തകർ കഴിഞ്ഞ ഡിസംബർ 23 മുതൽ കടക്ക് മുന്നിൽ വീണ്ടും സമരം തുടങ്ങി.
കടയിലേക്കുള്ള ലോഡ് ഇറക്കുന്നത് ഇതോടെ മുടങ്ങി. ഒപ്പം ഉപഭോക്താക്കളെ സി ഐ ടി യു പ്രവർത്തകർ ഭീഷണി പെടുത്തി മടക്കി അയക്കുന്നതായും കട ഉടമകൾ ആരോപിക്കുന്നു. ഇതോടെ സ്ഥാപനം അടച്ചു പൂട്ടണ്ട സാഹചര്യത്തിൽ എത്തിയതായും ഇവർ പറയുന്നു. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി അടക്കം ഉള്ളവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് സ്ഥാപന ഉടമകൾ.
Adjust Story Font
16