കോഴിക്കോട് മേപ്പയ്യൂരിൽ യു.ഡി.വൈ.എഫ്- ഡി.വൈ.എഫ്.ഐ സംഘർഷം; ഏറ്റുമുട്ടി പ്രവർത്തകർ
സി.പി.എമ്മും സ്‌കൂൾ അധികൃതരും ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി യു.ഡി.എസ്.എഫ് ആരോപിച്ചിരുന്നു.
കോഴിക്കോട്: മേപ്പയൂരിൽ യു.ഡി.വൈ.എഫ്- ഡി.വൈ.എഫ്.ഐ സംഘർഷം. മേപ്പയ്യൂർ ഹൈസ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. മേപ്പയൂർ ടൗണിൽ പ്രകടനം നടത്തിയ യു.ഡി.വൈ.എഫ്- ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ ആദ്യം യു.ഡി.എസ്.എഫ് വിജയിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും എസ്.എഫ്.ഐ പ്രവർത്തകർ റീകൗണ്ടിങ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് നടത്തിയ റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐ വിജയിച്ചു. സി.പി.എമ്മും സ്‌കൂൾ അധികൃതരും ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി യു.ഡി.എസ്.എഫ് ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് മേപ്പയ്യൂർ ടൗണിൽ യു.ഡി.വൈ.എഫ് പ്രകടനം നടത്തിയത്.
ഇതേസമയം, ഡി.വൈ.എഫ്.ഐയും പ്രകടനവുമായി എത്തുകയായിരുന്നു. തെരഞ്ഞെടുപ്പിനിടെ യു.ഡി.എഫ് പ്രവർത്തകർ അക്രമം കാണിച്ചെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രകടനം. ഒരേ സമയം രണ്ട് പ്രകടനങ്ങളും മേപ്പയ്യൂർ ടൗണിലെത്തുകയും പരസ്പരം മുദ്രാവാക്യം വിളിക്കുകയും സംഘർഷമുണ്ടാവുകയുമായിരുന്നു.
Adjust Story Font
16