വി ഡി സതീശന്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും കണ്ടിട്ടും സമവായമായില്ല; കോണ്‍ഗ്രസില്‍ കലഹം തുടരുന്നു
സതീശന് പിന്നാലെ കെ സുധാകരനും മുതിർന്ന നേതാക്കളുമായി ഉടൻ കൂടിക്കാഴ്ച നടത്തും
ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരിൽ കണ്ടെങ്കിലും കോൺഗ്രസിൽ കലഹം തുടരുകയാണ്. സമവായ ഫോർമുലകൾ ഒന്നും തന്നെ രൂപം കൊണ്ടിട്ടില്ലെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ. സതീശന് പിന്നാലെ കെ സുധാകരനും മുതിർന്ന നേതാക്കളുമായി ഉടൻ കൂടിക്കാഴ്ച നടത്തും.
വി.ഡി സതീശന്‍റെ സമവായ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മുതിർന്ന നേതാക്കളുടെ അതൃപ്തി തുടരുകയാണ്. ഇന്നലെ സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നടത്തിയ പ്രതികരണങ്ങളും ഇത് ഉറപ്പിക്കുന്നു. എന്നാൽ സതീശൻ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ നടത്തിയ നീക്കം തുടക്കമാണെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്. നേതാക്കളുടെ മനം അറിയാൻ കെ സുധാകരനും ഉടൻ ചർച്ച നടത്തും. ആദ്യവട്ട കൂടിക്കാഴ്ചകൾക്ക് ശേഷമേ കെപിസിസി, ഡിസിസി എന്നിവയിലെ ബാക്കി ഭാരവാഹികളെ നിശ്ചയിക്കുന്ന നടപടികളിലേക്ക് ഇനി കടക്കുകയുള്ളൂ. ഇക്കാര്യത്തിലും ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായി കെപിസിസി നേതൃത്വം വീണ്ടും ചർച്ച നടത്തും. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും അടുത്ത ദിവസം കേരളത്തിലെത്തി സമവായ നീക്കങ്ങൾ നടത്തും.
മറുവശത്ത് ഗ്രൂപ്പുകളാവട്ടെ കെപിസിസി നേതൃത്വം സ്വീകരിക്കുന്ന തുടർ നിലപാടുകൾക്ക് കാത്തിരിക്കുകയാണ്. പ്രകോപനപരമായ പ്രസ്താവനകൾ കെപിസിസി നേത്യത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായാൽ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. മുതിർന്ന നേതാക്കളെ അപമാനിക്കാൻ ബോധപൂർവ്വമായ നീക്കം നടക്കുന്നുവെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തൽ.
Adjust Story Font
16