ഡി.സി.സി ഓഫീസിന് മുന്നിലും സംഘർഷം; പിങ്ക് പൊലീസ് വാഹനം തകർത്തു; അകത്തേക്ക് പൊലീസിനെ കടത്തില്ലെന്ന് വി.ഡി സതീശൻ
പൊലീസ് വാഹനം തകർത്ത പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. എന്നാൽ ഇതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കൾ.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലും പ്രതിഷേധത്തിലുമുണ്ടായ സംഘർഷത്തിന് രണ്ട് മണിക്കൂറിന് ശേഷം അയവ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ച് ഡി.സി.സി ഓഫീസിലേക്ക് പോകാൻ ആവശ്യപ്പെട്ടു. വി.ഡി സതീശനുൾപ്പെടെയുള്ള നേതാക്കളും അവിടേക്ക് നീങ്ങി. എന്നാൽ, കൂട്ടമായി ഡി.സി.സി ഓഫീസിലേക്ക് എത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ ഇവിടെയും സംഘർഷമുണ്ടായി.
ഓഫീസിന് മുന്നിൽ തമ്പടിച്ച പ്രവർത്തകർ ഇതുവഴി പോയ പിങ്ക് പൊലീസിന്റെ വാഹനത്തിന്റെ ചില്ലുകൾ തല്ലിത്തകർത്തു. മറ്റ് പൊലീസ് വാഹനങ്ങൾക്ക് പിന്നാലെ ഓടുകയും ചെയ്തു. ഇതിനിടെ ഇവിടെയെത്തിയ പൊലീസുകാർ ഡി.സി.സി ഓഫീസിലേക്ക് കയറാൻ ശ്രമിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി. പൊലീസിനു നേരെ ഓഫീസിൽ നിന്നും പ്രവർത്തകർ കല്ലെറിഞ്ഞു.
തുടർന്ന് പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള നേതാക്കൾ പുറത്തേക്കെത്തി. ഡി.സി.സി ഓഫീസിലേക്ക് കടക്കാൻ പൊലീസിനെ സമ്മതിക്കില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. വനിതാ പൊലീസിന്റെ വാഹനം അടിച്ചുതകർത്ത കാര്യം അറിയില്ലെന്നും താൻ കണ്ടില്ലെന്നും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പിങ്ക് പൊലീസ് വാഹനം അടിച്ചുതകർത്ത പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. എന്നാൽ ഇതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കൾ. തങ്ങളുടെ പ്രവർത്തകരെ കൊണ്ടുപോകാൻ പൊലീസിനെ സമ്മതിക്കില്ലെന്നും അവരെ തടയാനാണ് തങ്ങളിവിടെ തന്നെ നിൽക്കുന്നതെന്നും സതീശൻ വ്യക്തമാക്കി. പ്രവർത്തകരെ സെക്രട്ടറിയേറ്റിന് മുന്നിൽ നിന്നും താൻ പിന്തിരിപ്പിച്ചു കൊണ്ടുവന്നപ്പോൾ പൊലീസ് ഇവിടെ വന്ന് പ്രകോപിപ്പിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായി പൊലീസ് പ്രകോപനമുണ്ടാക്കി. ഇനിയെന്തുണ്ടായാലും പൊലീസിനായിരിക്കും ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വാഹനം തകർത്തവരെ അറസ്റ്റ് ചെയ്യാൻ ഡി.സി.സി ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിരിക്കുകയാണ് പൊലീസ്.
Adjust Story Font
16