'മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരം; പഠിപ്പിക്കുന്നത് മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല'- മന്ത്രി കെ.ബി ഗണേഷ്‌കുമാർ
'ചെറിയ കുഞ്ഞുങ്ങൾക്ക് ഖുർആന്റെ അറിവ് നൽകുന്നവയാണ് മദ്രസകൾ'.
കൊല്ലം: മദ്രസകള്‍ക്കെതിരായ നീക്കവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്തുവന്നിരിക്ക വിമർശനവുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ. മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമാണെന്നും കുട്ടികൾ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളിൽ നിന്നാണെന്നും ഗണേഷ്കുമാർ പറഞ്ഞു. കൊല്ലത്ത് കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ രാജ്യന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല ബൈബിൾ ആണ്. മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളിൽ പഠിപ്പിക്കുന്നത്. ചെറിയ കുഞ്ഞുങ്ങൾക്ക് ഖുർആന്റെ അറിവ് നൽകുന്നവയാണ് മദ്രസകൾ. അല്ലാഹു നൽകുന്ന സന്ദേശങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. മദ്രസകളിൽ പോകുന്നത് മതം പഠിക്കാൻ അല്ല ഖുർആൻ പഠിക്കാനാണ്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും ഗണേഷ്കുമാർ അഭിപ്രായപ്പെട്ടു.
മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദേശവുമായി കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്.
എന്‍സിപിസിആര്‍ തയാറാക്കിയ 11 അധ്യായങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടില്‍ മദ്രസകള്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ലംഘിക്കുന്നതായി ആരോപിക്കുന്നു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുപി, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മദ്രസകള്‍ക്കെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.
മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും അനാഥലയങ്ങളിലും റെയ്ഡ് നടത്തി കുപ്രസിദ്ധി നേടിയയാളാണ് പ്രിയങ്ക് കാന്‍ഗൊ. ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ആളുകളെ തമ്മിലടപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിയാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു. ബാലവകാശ കമ്മീഷൻ നിർദേശം പിൻവലിക്കണമെന്ന് യുപി കോൺഗ്രസും ആവശ്യപ്പെട്ടു.
Adjust Story Font
16