കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആശമാരുടെ പ്രശ്നങ്ങൾ ഉന്നയിക്കാതെ മുഖ്യമന്ത്രി
മുണ്ടക്കൈ, ചൂരൽമല ധനസഹായം, എയിംസ്, ജിഎസ്ടി നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും തമ്മിൽ അസാധാരണ കൂടിക്കാഴ്ച. കീഴ്‍വഴക്കങ്ങൾ മാറ്റിവച്ച് കേന്ദ്ര ധനമന്ത്രി ഡൽഹി കേരള ഹൗസിൽ എത്തി മുഖ്യമന്ത്രിയെ കാണുകയായിരുന്നു. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ, 31 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാരുടെ പ്രശ്‌നം മുഖ്യമന്ത്രി ഉന്നയിച്ചില്ല.
മുണ്ടക്കൈ, ചൂരൽമല ധനസഹായം, എയിംസ്, ജിഎസ്ടി നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ധനമന്ത്രിയുമായി നടന്നത് ഊഷ്മളമായ കൂടിക്കാഴ്ചയാണെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
പിണറായി സർക്കാരിന്റെ 10 വർഷക്കാലയളവിനിടെ ഇതാദ്യമായാണ് മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച 50 മിനിറ്റ് നീണ്ടു. മുണ്ടക്കൈ- ചൂരൽമല ദുരന്തസഹായം പൂർണതോതിൽ ലഭ്യമാക്കുക, വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട വായ്പാ വിനിയോഗ കാലാവധി വർധിപ്പിക്കുക, വിഴിഞ്ഞം തുറമുഖത്തിന് കൂടുതൽ വികസന സഹായം നൽകുക, കടമെടുപ്പ് പരിധി ഉയർത്തുക, ജിഎസ്ടി നഷ്ട പരിഹാരം, എയിംസ് തുടങ്ങിയ ആവശ്യങ്ങൾ മുഖ്യമന്ത്രി ധനമന്ത്രിയെ അറിയിച്ചു.
കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ചര്‍ച്ചകള്‍ ആകാമെന്ന് കേന്ദ്രധനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആശാ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉന്നയിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇടത് എംപിമാർ പാർലമെന്റിൽ ആശാ സമരം ഉന്നയിക്കുമ്പോഴാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ മൗനം പാലിച്ചത്.
അതേസമയം, നടന്നത് മോദി- ട്രംപ് മോഡൽ കൂടിക്കാഴ്ചയാണെന്ന് കോൺഗ്രസ് പരിഹസിച്ചു. പിണറായി സര്‍ക്കാരിന്റെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കേന്ദ്രധനമന്ത്രി നേരിട്ട് കേരള ഹൗസിൽ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ അവരുടെ ഓഫീസിലോ ഔദ്യോഗിക വസതിയിലോ പോയി കാണുന്നതാണ് പതിവ്.
കേന്ദ്ര സർക്കാരുമായി പല വിഷയങ്ങളിലും നേരിട്ട് ഏറ്റുമുട്ടുന്നതിനിടെയാണ് അസാധാരണ സൗഹൃദത്തിന്റെ സൂചനകൾ നൽകുന്ന കൂടിക്കാഴ്ച നടക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ നടക്കുന്ന ചർച്ചകളിൽ ഗവർണർ പങ്കെടുക്കുകയെന്നതും അസാധാരണമാണ്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കേരളത്തിൽ പോലും ചർച്ചകൾ നടത്താൻ മുഖ്യമന്ത്രി തയാറായിരുന്നില്ല.
അനൗപചാരിക ചർച്ചയാണ് നടന്നത് എന്നാണ് സംസ്ഥാന സർക്കാർ വിശദീകരണം. എങ്കിലും കീഴ്‍വഴക്കങ്ങൾ ലംഘിച്ച് നടന്ന അസാധാരണ കൂടിക്കാഴ്ച ബിജെപി, സിപിഎം പാർട്ടികൾ നയിക്കുന്ന സർക്കാരുകൾ തമ്മിൽ സൗഹൃദത്തിന്റെ പുതിയ വഴികൾ തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗവർണറും ധനമന്ത്രിയും കേരള ഹൗസിൽ വന്ന് മുഖ്യമന്ത്രിയെ കണ്ടതിനെ കരുതലയോടെയാണ് കോൺഗ്രസ് സമീപിക്കുന്നത്.
അതേസമയം, ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കേരളവുമായുള്ള മറ്റു വിഷയങ്ങൾ ഉന്നയിച്ചിട്ടും എന്തുകൊണ്ട് ആശാ വിഷയം ഉന്നയിച്ചില്ലെന്ന് സമരക്കാർ ചോദിക്കുന്നു. മുഖ്യമന്ത്രിയുടേത് ദൗർഭാഗ്യകരമായ നിലപാടാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ആശാ പ്രവർത്തകർ പറയുന്നു.
മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ആശമാരുടെ പ്രശ്‌നങ്ങൾ നിർമല സീതാരാമനെ ധരിപ്പിച്ചെന്ന് എംപിമാർ അറിയിച്ചു. സംസ്ഥാന ആരോഗ്യമന്ത്രിയുമായി വിഷയം നേരിട്ട് സംസാരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നൽകിയതായും എംപിമാർ വ്യക്തമാക്കി.
കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള കുടിശ്ശികയൊക്കെ നൽകിക്കഴിഞ്ഞെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ഇന്നലെ അറിയിച്ചത്. പണവിനിയോഗം സംബന്ധിച്ച കണക്കുകള്‍ കേരളം സമര്‍പ്പിച്ചിട്ടില്ലെന്നും ആശാ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്നും നഡ്ഡ പാർലമെന്റിൽ പറഞ്ഞിരുന്നു.
Adjust Story Font
16