Quantcast

വാക്സിന്‍ പേര് രണ്ടു തരം; പ്രവാസികളുടെ പ്രയാസത്തിൽ മുഖ്യമന്ത്രി

സൗദി പ്രവാസികളുടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് പ്രശ്നം സംബന്ധിച്ച മീഡിയവൺ വാർത്തയിൽ മുഖ്യമന്ത്രിയുടെ മറുപടി

MediaOne Logo

Web Desk

  • Updated:

    2021-05-26 13:57:17.0

Published:

26 May 2021 1:39 PM GMT

വാക്സിന്‍ പേര് രണ്ടു തരം; പ്രവാസികളുടെ പ്രയാസത്തിൽ മുഖ്യമന്ത്രി
X

ഓക്സ്ഫോർഡ് ആസ്ട്രസെനിക എന്നതിന് പകരം കോവിഷീൽഡ് എന്ന് വാക്സിൻ സർട്ടിഫിക്കറ്റിൽ പേര് കൊടുക്കുന്നത് കാരണമുണ്ടാകുന്ന പ്രവാസികളുടെ പ്രയാസത്തിൽ മുഖ്യമന്ത്രി. വാക്സിൻ പേരിലെ പ്രതിസന്ധി സംബന്ധിച്ച് നിവേദനം നൽകിയാൽ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ആരോഗ്യ വകുപ്പ് ഇടപെട്ടാൽ അധികം പ്രശ്നമില്ലാതെ ഇതു പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിൽ അംഗീകാരമുള്ള വാക്സിനുകളിൽ ഇന്ത്യയിൽ ലഭ്യമായത് ആസ്ട്രസെനികയുടെ കോവിഷീൽഡാണ്. ഈ വാക്സിൻ സ്വീകരിച്ചാണ് ഭൂരിഭാഗം പ്രവാസികളും സൗദിയിലേക്ക് യാത്ര പുറപ്പെടുന്നത്. എന്നാല്‍, കേരളത്തിലടക്കം ഇന്ത്യയിൽ ഈ വാക്സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന പേര് 'കോവിഷീൽഡ്' എന്നും സൗദിയുടെ അംഗീകൃത പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ആസ്ട്രസെനിക എന്നുമാണ്.

കോവിഷീൽഡ് എന്ന് മാത്രം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സൗദി വിമാനത്താവളങ്ങളിൽ സ്വീകരിക്കാത്തതാണ് സൗദിയിലെത്തുന്ന ഇന്ത്യൻ പ്രവാസികളെ വലയ്ക്കുന്നത്. കോവിഷീൽഡും ആസ്ട്രാസെനികയും ഒരേ വാക്സിനാണ് എന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥരെയും വിമാനക്കമ്പനികളേയും ബോധ്യപ്പെടുത്താൻ പ്രവാസികൾ പ്രയാസപ്പെടുകയാണ്.

യാത്രക്കാരുടെ വാദം അംഗീകരിക്കാത്ത ഉദ്യോഗസ്ഥർ അവരെ നിർബന്ധിത ക്വാറന്റൈനിലേക്ക് അയക്കും. ഇതാകട്ടെ അതിഭീമമായ ചിലവ് വരുന്ന സംവിധാനമാണ്. ഏഴുദിവസ ഹോട്ടൽ ക്വാറന്റൈന് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുടക്കണം. ഈ സാഹചര്യത്തിലാണ് വാക്സിന്‍ പേരിലെ പ്രതിസന്ധി കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.

അതേസമയം, രണ്ടാം വാക്സിൻ സ്വീകരിക്കാൻ പ്രവാസികൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും നിശ്ചിത സമയത്തിനകം രണ്ടാം ഡോസ് നൽകുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് അതേ സ്ഥാപനത്തിൽ ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാർ നൽകുന്ന വാക്സിനേഷനിൽ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story