Quantcast

ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചു; യു.ഡി.എഫ്- ബി.ജെ.പി വോട്ടുകച്ചവടം ആരോപിച്ച് മുഖ്യമന്ത്രി

പത്തോളം സീറ്റിൽ കോൺഗ്രസ് ജയിച്ചത് ബി.ജെ.പിയുടെ വോട്ടു നേടിയാണ്.

MediaOne Logo

Web Desk

  • Updated:

    2021-05-03 12:59:34.0

Published:

3 May 2021 12:29 PM GMT

ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചു; യു.ഡി.എഫ്- ബി.ജെ.പി വോട്ടുകച്ചവടം ആരോപിച്ച് മുഖ്യമന്ത്രി
X

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്- ബി.ജെ.പി വോട്ടു കച്ചവടം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 90 മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വോട്ടു കുറഞ്ഞു. പത്തോളം സീറ്റിൽ കോൺഗ്രസ് ജയിച്ചത് ബി.ജെ.പിയുടെ വോട്ടു നേടിയാണ്. പല മണ്ഡലങ്ങളിലും എൽ.ഡി.എഫിന്‍റെ ഭൂരിപക്ഷം കുറക്കാൻ കച്ചവടം കൊണ്ട് കഴിഞ്ഞെന്നും മുഖ്യമന്ത്രി ആരോപിച്ചു. കണക്കുകള്‍ നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉന്നയിച്ചത്.

ജയിക്കാൻ പോകുന്നുവെന്ന ആത്മവിശ്വാസമായിരുന്നു യു.ഡി.എഫിന്. നാടിന്‍റെ അനുഭവം അറിയുന്നവർ അത്തരമൊരു നിലപാട് സ്വീകരിക്കില്ല. ചില കച്ചവടക്കണക്കിലായിരുന്നു വിധി ദിനം വരെ യു.ഡി.എഫിന്‍റെ പ്രതീക്ഷ. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് വാങ്ങി. ഇതായിരുന്നു ആത്മവിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറമേ കാണുന്നതിനെക്കാൾ വലിയ വോട്ടു കച്ചവടമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞതവണത്തെ വോട്ടുകൾ ബിജെപിക്ക് നേടാനായില്ല. ഈ വോട്ട് എവിടെപോയി. നവ വോട്ടർമാരുണ്ടായിട്ടും ബി.ജെ.പിക്ക് വോട്ടു ലഭിക്കാതെ പോയത് എന്തുകൊണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു. ബി.ജെ.പി വോട്ടുകള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ പതനത്തിലേക്ക് യു.ഡി.എഫ് എത്തുമായിരുന്നു. വലിയ തോതില്‍ വോട്ടു മറിച്ചിട്ടും എല്‍.ഡി.എഫ് വിജയിച്ച മണ്ഡലങ്ങളുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബി.ജെ.പിക്ക് 4.28 ലക്ഷം വോട്ടു കുറഞ്ഞപ്പോൾ യു.ഡി.എഫിന് 4 ലക്ഷം വോട്ടു കൂടി. കുണ്ടറയിൽ മെഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ അവിശുദ്ധ നീക്കം നടന്നു. കുണ്ടറയിൽ ബി.ജെ.പിയുടെ 14,160 വോട്ടു കുറഞ്ഞപ്പോള്‍ യു.ഡി.എഫിന് 4454 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. പെരുമ്പാവൂർ, ചാലക്കുടി, കോവളം, കടുത്തുരുത്തി, സുൽത്താൻ ബത്തേരി, പാല, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിലും ഇങ്ങനെയാണ് എൽ.ഡി.എഫ് പരാജയപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആഴക്കടൽ മത്സ്യ ബന്ധന കരാര്‍ വിവാദത്തിൽ ഗൂഢാലോചന നടന്നു. എന്നാൽ ഇത് ഫലത്തിൽ പ്രതിഫലിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വോട്ടെടുപ്പ് ദിവസം തുടർഭരണം പാടില്ലെന്ന സന്ദേശം നൽകി. ജനവിശ്വാസം അട്ടിമറിക്കാൻ സുകുമാരൻ നായരുടെ പരാമർശം കൊണ്ട് കഴിയുമായിരുന്നില്ലെന്നും ജീവിതാനുഭവം അടിസ്ഥാനമാക്കിയാണ് ജനങ്ങൾ വോട്ടു ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധമാണ് സർക്കാരിന്‍റെ പ്രഥമ പരിഗണന. പിന്നീട് വികസന പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്നും പ്രകടന പത്രികയിലെ കാര്യങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story