'യു.ഡി.എഫിന്‍റെ കരുത്ത് ലീഗ്': ലീഗിന്‍റെ ചില നിലപാടുകള്‍ താനും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി
'യു.ഡിഎഫിന്റെ ഏറ്റവും വലിയ കരുത്തായി നൽക്കുന്ന ലീഗ് അവിടെ നിന്നുകൊണ്ട് സ്വീകരിക്കുന്ന നിലപാട് കേരള രാഷ്ട്രീയത്തിൽ ചില ചലനങ്ങൾ ഉണ്ടാക്കുമെങ്കിൽ പരാമർശങ്ങൾ വരും'
തിരുവനന്തപുരം: യു.ഡി.എഫിന്‍റെ കരുത്ത് മുസ്‍ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് ചില നിലപാടുകള്‍ എടുത്തു. അപ്പോള്‍ പരാമര്‍ശങ്ങള്‍ വരും. നേരത്തെ ലീഗിന്‍റെ ചില നിലപാടുകള്‍ താന്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.വി ഗോവിന്ദന്‍ ലീഗിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി- "ഗോവിന്ദന്‍ മാഷ് തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ലീഗ് ചില നിലപാടുകള്‍ എടുത്തു. ആ നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞത്. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് പുറപ്പെടുന്നതാണ് പ്രശ്നം. ഓരോന്ന് വരുമ്പോള്‍ ഉടനേ ശങ്ക തോന്നുകയാണ്, തപസ്സിനെ പറ്റി ഇന്ദ്രന്‍ ചിന്തിച്ചപോലെ. ആര് തപസ്സ് നടത്തിയാലും ഇന്ദ്രവധത്തിന് വേണ്ടിയാണോ എന്ന് അദ്ദേഹം സംശയിച്ചിരുന്നു എന്നാണ് പഴയ കഥ. എന്തെങ്കിലും പറഞ്ഞാലുടനെ തകരാറായിപ്പോയോ എന്ന് ബേജാറോടെ ചിന്തിക്കുന്ന അവസ്ഥ വരുന്നു. അങ്ങനെ ഒരു ബേജാറിന്‍റെയും ആവശ്യമില്ല. ഒരു നിലപാട് വ്യക്തമാക്കിയെന്നേയുള്ളൂ. മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്ന പ്രതികരണങ്ങള്‍ വരുമ്പോള്‍ പ്രോത്സാഹിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. അങ്ങനെയേ കാണേണ്ടതായിട്ടുള്ളൂ".
യു.ഡിഎഫിന്റെ ഏറ്റവും വലിയ കരുത്തായി നല്‍ക്കുന്ന ലീഗ് അവിടെ നിന്നുകൊണ്ട് സ്വീകരിക്കുന്ന നിലപാട് കേരള രാഷ്ട്രീയത്തില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ ചില പരാമര്‍ശങ്ങള്‍ വരും. അതുമാത്രമേയുള്ളൂ. ഇത് സ്വഭാവ സര്‍ട്ടിഫിക്കറ്റിന്‍റെ പ്രശ്നമല്ല. ആരും ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല അത്. നിലപാട് വ്യക്തമാക്കല്‍ വളരെ പ്രധാനമാണ്. ലീഗ് ന്യൂനപക്ഷ വര്‍ഗീയതയ്ക്കെതിരെ കടുത്ത രീതിയിലുള്ള പ്രചാരണങ്ങള്‍ ഒരു ഘട്ടത്തില്‍ കേരളത്തിലാകെ നടത്തിയിരുന്നു. അന്നതിനെ താന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ഘട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ വിമര്‍ശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണറുമായി പ്രശ്നങ്ങളൊന്നുമില്ല. ഉണ്ടെങ്കില്‍ വേഗത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഗവര്‍ണറുടെ വിരുന്ന് ദിവസം താൻ ഇവിടെ ഇല്ലായിരുന്നു. നയപ്രഖ്യാപന പ്രസംഗം തയ്യാറായി വരികയാണ്. തയ്യാറാക്കട്ടെ. അതിനു ശേഷം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിൽ ആര് അണിനിരന്നാലും പിന്തുണക്കുമെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് മന്ത്രി എം.വി ഗോവിന്ദൻ വ്യക്തമാക്കിയത്. ഗവർണർക്കെതിരായ പ്രശ്നത്തിൽ ലീഗ് സർക്കാരിനൊപ്പം നിന്നു. ആർ.എസ്.പിയും സമാന നിലപാടാണ് സ്വീകരിച്ചത്. ഇത്തരം നിലപാടുകളെ തുറന്ന മനസോടെ സി.പി.എം സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ ലേഖനത്തിൽ പറഞ്ഞു. എം.വി ഗോവിന്ദന്‍റെ നിലപാട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Adjust Story Font
16