Quantcast

ഏക സിവിൽ കോഡ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ട: മുഖ്യമന്ത്രി

'ഒരു രാഷ്ട്രം ഒരു സംസ്കാരം എന്ന ഭൂരിപക്ഷ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതി'

MediaOne Logo

Web Desk

  • Updated:

    2023-06-30 13:06:38.0

Published:

30 Jun 2023 12:59 PM GMT

cm pinarayi vijayan criticises uniform civil code
X

പിണറായി വിജയന്‍

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെ കുറിച്ച് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനുള്ളതാണ്. ഒരു രാഷ്ട്രം ഒരു സംസ്കാരം എന്ന ഭൂരിപക്ഷ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂ. നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഏകീകൃത സിവില്‍ കോഡിനു പകരം വ്യക്തിനിയമങ്ങള്‍ക്കുള്ളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്കരണത്തിനും ഭേദഗതികള്‍ക്കും ശ്രമങ്ങളാണുണ്ടാവേണ്ടത്. അത്തരം ശ്രമങ്ങള്‍ക്ക് ആ വിശ്വാസ സമൂഹത്തിന്‍റെ പിന്തുണ അത്യാവശ്യവുമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മീഷന്‍ 2018ല്‍ വിലയിരുത്തിയിരുന്നു. ആ നിലപാടില്‍ നിന്നും വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായി എന്നാണ് പുതിയ നീക്കത്തിന്‍റെ വക്താക്കള്‍ ആദ്യം വിശദീകരിക്കേണ്ടത്. വ്യക്തിനിയമങ്ങളെ പ്രത്യേക അജണ്ട വെച്ച് ഏകീകരിക്കലല്ല, മറിച്ച് വിവിധ സാംസ്കാരിക വിശ്വാസധാരകളുടെ വ്യക്തിനിയമങ്ങളെ കാലോചിതമായി പരിഷ്കരിക്കലാണ് ചെയ്യേണ്ടത്. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമീഷനും പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂര്‍ണരൂപം

ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ട്. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി 'ഒരു രാഷ്ട്രം ഒരു സംസ്കാരം' എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂ.

നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഏകീകൃത സിവില്‍ കോഡിനുപകരം വ്യക്തിനിയമങ്ങള്‍ക്കുള്ളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്കരണത്തിനും ഭേദഗതികള്‍ക്കും അനുകൂലമായ ശ്രമങ്ങളാണുണ്ടാവേണ്ടത്. അത്തരം ശ്രമങ്ങള്‍ക്ക് ആ വിശ്വാസ സമൂഹത്തിന്‍റെ പിന്തുണ അത്യാവശ്യവുമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളിലൂടെയാണ് അതുണ്ടാകേണ്ടത്. ഏതൊരു മതത്തിലെയും പരിഷ്കരണ പ്രസ്ഥാനങ്ങള്‍ അവയ്ക്കകത്തുനിന്നുമാണ് ഉണ്ടായിട്ടുള്ളത്. പെട്ടെന്നൊരു എക്സിക്യുട്ടീവ് തീരുമാനത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇത്. ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മീഷന്‍ 2018 ല്‍ വിലയിരുത്തിയിരുന്നു. ആ നിലപാടില്‍ നിന്നും വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായി എന്നാണ് പുതിയ നീക്കത്തിന്‍റെ വക്താക്കള്‍ ആദ്യം വിശദീകരിക്കേണ്ടത്.

വ്യത്യസ്തതകളെ തച്ചുടക്കുന്ന ഏകരൂപതയല്ല മറിച്ച് വ്യത്യസ്തതകളെയും വിയോജിപ്പുകളെയും കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷത. വ്യക്തിനിയമങ്ങളെ പ്രത്യേക അജണ്ട വെച്ച് ഏകീകരിക്കലല്ല, മറിച്ച് വിവിധ സാംസ്കാരിക വിശ്വാസധാരകളുടെ വ്യക്തിനിയമങ്ങളെ കാലോചിതമായി പരിഷ്കരിക്കലാണ് ചെയ്യേണ്ടുന്ന കാര്യം. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമീഷനും പിന്മാറണം.

TAGS :

Next Story