Quantcast

'മുഖ്യമന്ത്രിയുടെ ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും പ്രവേശനമില്ല'; സി.പി.എം തിരു. ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

പ്രവര്‍ത്തനശൈലിയും ഭരണവീഴ്ചകളും ചൂണ്ടിക്കാട്ടി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് അന്ത്യശാസനം നല്‍കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-07-01 16:02:13.0

Published:

1 July 2024 1:29 PM GMT

മുഖ്യമന്ത്രിയുടെ ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും പ്രവേശനമില്ല; സി.പി.എം തിരു. ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം
X

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും പ്രവേശനമില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പ്രവര്‍ത്തനശൈലിയും ഭരണവീഴ്ചകളും അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനു യോഗം അന്ത്യശാസനവും നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണ മനുഷ്യര്‍ക്കും പ്രവേശനമില്ല. മുന്‍പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ അതിനും സാധിക്കില്ല. മൂന്നുമണിക്കുശേഷം ജനങ്ങള്‍ക്ക് കാണാനുള്ള അനുവാദവും ഇപ്പോള്‍ ഇല്ല. മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ ഇരുമ്പുമറ തീര്‍ക്കുന്നത് എന്തിനെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.

മാധ്യമങ്ങളെ എതിരാക്കിയതിലും വിമര്‍ശനമുണ്ടായി. പാര്‍ട്ടി നേതൃത്വം മാധ്യമങ്ങളെ ശത്രുപക്ഷത്താക്കി. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എന്തിനാണ്? എല്ലാ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടി വിരുദ്ധരല്ല. പക്ഷേ, നേതൃത്വം ഏകപക്ഷീയമായി മാധ്യമങ്ങളെ എതിരാക്കി മാറ്റുന്നു. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. മാധ്യമങ്ങളെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കണമെന്നും ശത്രുപക്ഷത്താക്കരുതെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് തെറ്റുതിരുത്താന്‍ ഒരു അവസരം കൂടി നല്‍കാമെന്നാണ് ജില്ലാ കമ്മിറ്റി തീരുമാനം. ആര്യയ്ക്ക് അന്ത്യാശാസനം നല്‍കാന്‍ നേതൃത്വത്തില്‍ ധാരണയുണ്ടായിട്ടുണ്ട്. ഭരണത്തിലെ വീഴ്ചകളും പ്രവര്‍ത്തനശൈലിയും അധികാരം നഷ്ടപ്പെടാനിടയാക്കുമെന്ന തിരിച്ചറിവിലാണ് ഇടപെടല്‍.

അതേസമയം, മേയറെ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. ഇന്നലെ അവസാനിച്ച ജില്ലാ കമ്മിറ്റിയില്‍ മേയറെ മാറ്റിയില്ലെങ്കില്‍ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് കൊണ്ടാണ് മേയര്‍ സംരക്ഷിക്കപ്പെടുന്നതെന്ന വിമര്‍ശനവും പാര്‍ട്ടിയിലുണ്ട്.

Summary: Chief Minister Pinarayi Vijayan was severely criticized in the CPM Thiruvananthapuram district committee

TAGS :

Next Story