'സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്ന് പറയാനുള്ള കരുത്ത് പെൺകുട്ടികൾക്കുണ്ടാവണം'; മുഖ്യമന്ത്രി
വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും നിയമപരമായ നടപടികൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്ന് പറയാനുള്ള കരുത്ത് പെൺകുട്ടികൾക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സ്ത്രീധനപീഡനത്തെ തുടർന്ന് യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും നിയമപരമായ നടപടികൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"സ്ത്രീധനം തന്നാലെ വിവാഹം കഴിക്കൂ എന്ന് പറഞ്ഞാൽ താൻ പോടോ എന്നു പറയാൻ പെൺകുട്ടികൾക്ക് കഴിയണം. അതാണിപ്പോഴത്തെ അവസ്ഥ. നമ്മുടെ പൊതുബോധവും അത്തരത്തിലാവേണ്ടതുണ്ട്. സമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തിൽ പെൺകുട്ടികൾക്ക് ആവശ്യമാണ്. മരിച്ച കുട്ടിയും പ്രതിയുമെല്ലാം ഡോക്ടർമാരാണ്. നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നവർ. അയാൾക്കെന്തിനാണ് കൂടുതൽ പണം എന്ന് മനസ്സിലാകുന്നില്ല".
"വളരെ ഗൗരവകരമായി കാണേണ്ട വിഷയമാണിത്. സ്ത്രീധനം ചോദിക്കുന്നവരെ വേണ്ട എന്ന് പറയാൻ പെൺകുട്ടികൾക്കാവണമെങ്കിൽ സമൂഹത്തിന്റെയും കുടുംബത്തിന്റെയുമൊക്കെ പിന്തുണ അനിവാര്യമാണ്. കൂടെ നിയമപരമായ ശക്തമായ നടപടികളും സ്വീകരിച്ചു പോകാൻ പറ്റണം. വിസ്മയയുടെ കാര്യത്തിലും ശക്തമായ നടപടി തന്നെയാണ് സ്വീകരിച്ചത്. അത്തരം നടപടികൾ എടുത്തിട്ടും ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നുവെങ്കിൽ സമൂഹം ആ ഉത്തരവാദിത്തം ഏറ്റെടുക്കണം. പെൺകുട്ടികൾക്ക് കരുത്താർജിക്കാനുള്ള പൊതുബോധം ഉയർത്തിക്കൊണ്ടു വരാൻ നമുക്കാകണം". മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16