നാടിന്റെ മോചനത്തിനു വേണ്ടി പോരാടിയ ധീരനായിക: മുഖ്യമന്ത്രി
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്
സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കിമാറ്റിയ ധീരനായികയായിരുന്നു കെആർ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങൾക്കായി സമർപ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അവർ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ധീരയായ പോരാളിയും സമർത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തിൽ ഒരുമിച്ചു. ആധുനിക കേരളത്തിൻറെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്. നൂറുവർഷം ജീവിക്കാൻ കഴിയുക എന്നത് അപൂർവം പേർക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്. ഈ ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെ കഴിയുക, പരാധീനത്തിലല്ലാതെ കഴിയുക, മറ്റുള്ളവർക്കു സഹായകരമായി കഴിയുക തുടങ്ങിയവയൊക്കെ സാധ്യമാവുന്നതാകട്ടെ അത്യപൂർവം പേർക്കാണ്. ആ അത്യപൂർവം പേരിൽപ്പെടുന്നു കെആർ ഗൗരിയമ്മ. ഇങ്ങനെയൊരാൾ നമുക്കുണ്ടായിരുന്നു എന്നതു നമ്മുടെ വലിയ ധന്യതയാണ്. ഗൗരിയമ്മയുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞുവെന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണെന്നും കുറിപ്പിൽ പറയുന്നു.
അനുഭവങ്ങളുടെ അതിസമ്പന്നമായ പശ്ചാത്തലത്തോടെ നമ്മുടെ സാമൂഹ്യജീവിതത്തിനു മാർഗനിർദേശം നൽകാൻ കഴിഞ്ഞ മാതൃകാ വ്യക്തിത്വം എന്നുവേണം ഗൗരിയമ്മയെ വിശേഷിപ്പിക്കാൻ. ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. സർ സിപിയുടെ കാലത്തെ പൊലീസിൻറെ ഭേദ്യം
അനുഭവിക്കേണ്ടി വന്നിട്ടുള്ള അവർക്ക്, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഘട്ടത്തിലും പൊലീസിൽനിന്ന് ഒട്ടേറെ യാതനാനുഭവങ്ങളുണ്ടായി. ചെറുത്തുനിൽപ്പിൻറെ കരുത്തുറ്റ ധീരബിംബമായി ഗൗരിയമ്മ അങ്ങനെ മാറി. അത്യപൂർവം സ്ത്രീകൾ മാത്രം ഉന്നത വിദ്യാഭ്യാസത്തിനെത്തിയിരുന്ന ഒരു കാലത്ത് നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയ ഗൗരിയമ്മക്കു വേണമെങ്കിൽ ഔദ്യോഗിക തലത്തിൽ തിളക്കമാർന്ന തലങ്ങളിലേക്കു വളർന്ന് സ്വന്തം ജീവിതം സുരക്ഷിതവും സമ്പന്നവുമാക്കാമായിരുന്നു. ആ വഴിയല്ല, തൻറെ വഴിയെന്ന് അവർ തിരിച്ചറിഞ്ഞു ജനങ്ങളിലേക്കിറങ്ങി. ഒളിവിലും തെളിവിലും ത്യാഗപൂർവമായി ജീവിച്ചു.
സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്‍....
Posted by Pinarayi Vijayan on Monday, 10 May 2021
അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു ഗൗരിയമ്മ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുന്നതാകട്ടെ വിയോഗ വേളയിൽ ഗൗരിയമ്മയ്ക്കുള്ള ആദരാജ്ഞലിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16