പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്
കേരളത്തിലെ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടും.
രണ്ടാം എല്‍.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിന് ഇന്ന് തുടക്കമാവും. കോവിഡ് പ്രതിരോധത്തിനും വികസന പ്രവർത്തനത്തിനുമുള്ള സഹായം തേടിയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. ഇന്നു വൈകിട്ട് നാലിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ കേരളത്തിലെ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടും.
അതിവേഗ റെയിൽ പാതയ്ക്കുള്ള അനുമതി, കന്യാകുമാരി - മുംബൈ എക്കണോമിക് കോറിഡോറിന്റെ ഭാഗമായി തിരുവനന്തപുരത്തിനെ ഉൾപ്പെടുത്തണം, കൂടുതൽ വാക്സിൻ സംസ്ഥാനത്തിന് ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും. പുതുതായി കേന്ദ്രം കൊണ്ടുവന്ന സഹകരണ വകുപ്പ് രൂപീകരണത്തിലെ സംസ്ഥാനത്തിന്റെ ആശങ്കയും മുഖ്യമന്ത്രി അറിയിക്കും.
ഇന്നലെ രാത്രിയോടെയാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരിയുമായും ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
Adjust Story Font
16