Quantcast

സിപിഎം നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ തീരുമാനിച്ചേക്കും

എ.വിജയരാഘവന്‍ പി.ബി അംഗമായ സാഹചര്യത്തില്‍ പുതിയ എല്‍.ഡി.എഫ് കണ്‍വീനറുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കും.

MediaOne Logo

Web Desk

  • Published:

    18 April 2022 1:17 AM GMT

സിപിഎം നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ തീരുമാനിച്ചേക്കും
X

മുഖ്യമന്ത്രിയുടെ ഓഫീസിലെ അടക്കം പാര്‍ട്ടി ചുമതലകളിലെ മാറ്റങ്ങള്‍ ഇന്നാരംഭിക്കുന്ന സി.പി.എം നേതൃയോഗങ്ങള്‍ തീരുമാനിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സംസ്ഥാന സമിതി അംഗമായ പി.ശശിയെ നിയോഗിക്കുമെന്നാണ് സൂചന. എ.വിജയരാഘവന്‍ പി.ബി അംഗമായ സാഹചര്യത്തില്‍ പുതിയ എല്‍.ഡി.എഫ് കണ്‍വീനറുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കും.

സംഘടനാ ചുമതലകള്‍ തീരുമാനിക്കാന്‍ തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ചൊവ്വാഴ്ച സംസ്ഥാന സമിതിയുമാണ് യോഗം ചേരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുത്തലത്ത് ദിനേശനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ നിന്നു മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പായി. കഴിഞ്ഞ ആറു വര്‍ഷമായി ആഭ്യന്തര വകുപ്പ് കേട്ടുകൊണ്ടിരിക്കുന്ന പഴികളും പുത്തലത്ത് ദിനേശനെ മാറ്റാനുള്ള കാരണമാണ്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിക്കായിരിക്കും പുതിയ നിയോഗം. മുഖ്യമന്ത്രിയുടേയും സംസ്ഥാന സെക്രട്ടറിയുടേയും വിശ്വസ്തനായ പി.ശശി, എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയത്. പുത്തലത്ത് ദിനേശന് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതല ലഭിക്കും.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇഎംഎസ് അക്കാദമിയുടേയും ചുമതലയിലേക്ക് എസ്.രാമചന്ദ്രന്‍ പിള്ളയെ കൊണ്ടുവരുമെന്നാണ് സൂചന. എല്‍ഡിഎഫ് കണ്‍വീനറായി ഇ പി ജയരാജന്‍, എ കെ ബാലന്‍ എന്നിവരിലൊരാള്‍ക്ക് നറുക്ക് വീഴും. സിഐടിയു, ഡിവൈഎഫ്‌ഐ, എസ്എഫ്ഐ അടക്കമുള്ള വര്‍ഗ ബഹുജന സംഘടനകളുടെ ചുമതലക്കാരെയും യോഗങ്ങളില്‍ തീരുമാനിക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനാൽ പുതിയ ജില്ലാ സെക്രട്ടറിയേയും തെരഞ്ഞെടുത്തേക്കും. സി ജയൻ ബാബുവിനാണ് സാധ്യത കൂടുതൽ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് സെക്രട്ടേറിയറ്റിന്‍റെയും സംസ്ഥാന സമിതിയുടെയും മറ്റൊരു പ്രധാന അജണ്ട.

TAGS :

Next Story