'ഗവർണർക്ക് ആർ.എസ്.എസ് വിധേയത്വം, കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകൻ': മുഖ്യമന്ത്രി പിണറായി വിജയൻ
ഗവർണർ സ്ഥാനം ഭരണഘടനാ പദവിയെന്ന ബോധ്യമുണ്ടാകണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ആർഎസ്എസിനോട് വല്ലാത്ത വിധേയത്വമാണെന്നും അത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇകഴ്ത്താൻ ഉപയോഗിക്കരുതെന്നും കണ്ണൂർ കൂത്തുപറമ്പിലെ പൊതുപരിപാടിയിൽ മുഖ്യമന്ത്രി വിമർശിച്ചു.
"ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇകഴ്ത്താൻ ഉപയോഗിക്കരുത്,കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീഭാവമാകരുത് ഗവർണർ. ഉത്തരേന്ത്യൻ മാതൃകയിലല്ല, മറിച്ച് ജനാധിപത്യ പ്രക്രിയയിലൂടെയാണ് കേരളത്തിലെ സർക്കാർ അധികാരത്തിൽ വന്നത്. പെട്ടന്നുള്ള വികാരത്തിൽ എന്തും വിളിച്ച് പറയരുത്. ഗവർണർ സ്ഥാനം ഭരണഘടനാ പദവിയെന്ന ബോധ്യമുണ്ടാകണം. ഗവർണർ പദവിയിലിരുന്ന് വ്യക്തിപരമായ അഭിപ്രായം പറയുന്നത് ആ പദവിക്ക് യോജിച്ചതല്ല.
വിദേശത്ത് നിന്ന് വന്ന ആശയങ്ങളോട് ഗവർണർക്ക് പുച്ഛമാണ്. എന്നാൽ വിദേശത്ത് നിന്നുള്ള സംഘടനാ സാദൃശ്യമുള്ള ആർഎസ്എസിനോട് അദ്ദേഹത്തിന് വിധേയത്വമുണ്ട്. അങ്ങനെ വരുമ്പോൾ ഇന്ത്യൻ ഭരണഘടനയെയും അദ്ദേഹത്തിന് തള്ളിക്കളയേണ്ടി വരും.രാജ്യത്തിന്റെ ചരിത്രം ഗവർണർ ഉൾക്കൊള്ളേണ്ടതുണ്ട്". മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16