Quantcast

ജലീലിനെ മുഖ്യമന്ത്രി തള്ളിയത് സഹകരണ സ്ഥാപനങ്ങളിലേക്ക് ഇ.ഡിയുടെ ഇടപെടലുണ്ടാകുമെന്ന ആശങ്കയിലെന്ന് വിലയിരുത്തൽ

കരുവന്നൂരിന് പിന്നാലെ മറ്റൊരു സഹകരണ സ്ഥാപനം കൂടി സംശയത്തിന്റെ നിഴലിലാകുന്നതിൽ സർക്കാരിന് താത്പര്യമില്ല. അതേസമയം മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ ജലീൽ കൂടുതൽ ഒറ്റപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    8 Sep 2021 2:06 AM GMT

ജലീലിനെ മുഖ്യമന്ത്രി തള്ളിയത് സഹകരണ സ്ഥാപനങ്ങളിലേക്ക് ഇ.ഡിയുടെ ഇടപെടലുണ്ടാകുമെന്ന ആശങ്കയിലെന്ന് വിലയിരുത്തൽ
X

കുഞ്ഞാലിക്കുട്ടിക്കെതിരായ കെ.ടി ജലീലിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിയത് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലേക്ക് കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾ ഉണ്ടാകുമെന്ന ആശങ്കയിലാണെന്ന് വിലയിരുത്തൽ. കരുവന്നൂരിന് പിന്നാലെ മറ്റൊരു സഹകരണ സ്ഥാപനം കൂടി സംശയത്തിന്റെ നിഴലിലാകുന്നതിൽ സർക്കാരിന് താത്പര്യമില്ല. അതേസമയം മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ ജലീൽ കൂടുതൽ ഒറ്റപ്പെട്ടു.

കള്ളപ്പണ ആരോപണത്തിൽ മുസ്‌ലിം ലീഗിനെയും പാണക്കാട് കുടുംബത്തെയും പ്രതിക്കൂട്ടിൽ നിർത്തിയായിരുന്നു കെ.ടി ജലീലിൻ്റെ നീക്കങ്ങൾ. എന്നാൽ പാണക്കാട് കുടുംബത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഗുണം ചെയ്യില്ലെന്നു തിരിച്ചറിഞ്ഞ സി.പി.എം നേതൃത്വം അപ്പോൾത്തന്നെ ജലീലിനെ തിരുത്തി. പിന്നീട് കുഞ്ഞാലിക്കുട്ടിയെയും മകനെയും നേരിട്ടാക്രമിക്കുകയായിരുന്നു കെ.ടി ജലീൽ. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വലിയ ആയുധം കിട്ടിയിട്ടും ജലീലിന് പരിധി കടന്ന പിന്തുണ സി.പി.എം നൽകിയില്ലെന്നതും ശ്രദ്ധേയമായിരിന്നു.

ഇ.ഡി അന്വേഷണത്തെ തുടർച്ചയായി സ്വാഗതം ചെയ്യുകയും തെളിവുകൾ കൈമാറാൻ ഇ.ഡി ഓഫിസിൽ പോകുകയും ചെയ്ത ജലീലിന്റെ നടപടിയിലും സിപിഎമ്മിനു അതൃപ്തിയുണ്ടായിരുന്നു എന്നാണ് സൂചന. ഇപ്പോൾ മുഖ്യമന്ത്രി തന്നെ അതു പരസ്യമാക്കിയതോടെ ജലീലിൻ്റെ നടപടികളിലെ അതൃപ്തി വ്യക്തമാകുകയാണ്. സംസ്ഥാനത്തെ സഹകരണ മേഖല കൈപ്പിടിയിലൊതുക്കാൻ കേന്ദ്ര സർക്കാരിലൂടെ ബി.ജെ.പി ശ്രമിക്കുന്നെന്ന ആശങ്ക ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഒരുപോലെ പങ്കുവെയ്ക്കുന്നതാണ്. കരുവന്നൂരിന് പിന്നാലെ മറ്റൊരു സഹകരണ ബാങ്കിൽകൂടി കോടികളുടെ ക്രമക്കേട് നടന്നെന്ന വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസികളിലേക്ക് എത്തുമ്പോഴുണ്ടാകുന്ന ഭവിഷ്യത്ത് സർക്കാരിന് കൃത്യമായി ബോധ്യമുണ്ട്.

അത് സർക്കാരും സി.പി.എമ്മും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ജലീലിനെ ഇത്ര കടുത്ത ഭാഷയിൽ വിമർശിക്കാൻ മുഖ്യമന്ത്രി തയാറായത്. എന്നാൽ താൻ ഒരുഘട്ടത്തിലും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും സഹകരണ വകുപ്പും സർക്കാരും അന്വേഷിക്കണം എന്നാണ് തന്റെ നിലപാടെന്നുമാണ് കെ.ടി.ജലീലിൻ്റെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലമാണെന്നും ജലീൽ കരുതുന്നു. അതേസമയം മുഖ്യമന്ത്രിയുടെ തള്ളിപ്പറയൽ ജലീലിനെതിരെ ലീഗും പ്രതിപക്ഷവും ആയുധമാക്കും. ഇത് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ജലീലിന്റെ ആക്രമങ്ങളുടെ തീവ്രത കുറയ്ക്കും.

TAGS :

Next Story