Quantcast

'ദുരന്തത്തിൽപ്പെട്ടവരെ അപമാനിക്കുന്നു'; കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റേത് ദുരാരോപണമെന്ന് മുഖ്യമന്ത്രി

ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് 10 കിലോ മീറ്റർ അകലെയാണ് ക്വാറിയുള്ളത്. വസ്തുതകൾ മറച്ചുവെച്ചാണ് കേന്ദ്രമന്ത്രി ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    6 Aug 2024 12:50 PM GMT

CM Reply to central minister Bhoopendra Yadav
X

തിരുവനന്തപുരം: കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിന് മുഖ്യമന്ത്രിയുടെ മറുപടി. ആഴത്തിലുള്ള ചിന്തകൾക്കും കൂട്ടായ പരിശ്രമങ്ങൾക്കും മുമ്പുള്ള ഘട്ടമാണിത്. ഈ സന്ദർഭത്തെ സങ്കുചിത താത്പര്യങ്ങൾക്കും വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണ്. അക്കൂട്ടത്തിൽ ജനങ്ങളെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ ഉത്തരവാദിത്തമുള്ളവർ തന്നെ ഉൾപ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണ്. ബഹുമാനപ്പെട്ട കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവന നിർഭാഗ്യവശാൽ അത്തരത്തിലുള്ളതാണ്. പ്രാദേശിക ഭരണസംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും അനധികൃത ഖനനവും ഒക്കെയാണ് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത്തരം ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ മന്ത്രി അപമാനിക്കുകയാണ്. ഈ ദുരന്തത്തിൽ മണ്ണടിഞ്ഞ എസ്റ്റേറ്റിലെ തൊഴിലാളികളെയാണോ മന്ത്രി അനധികൃത കുടിയേറ്റക്കാർ എന്ന് വിളിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. തങ്ങളുടെ ചെറിയ തുണ്ടു ഭൂമിയിൽ ജീവിച്ച സാധാരണ മനുഷ്യരാണ് ഭൂരിഭാഗവും. കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവർക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളത്തിലെ മലയോര മേഖലയിലേക്കുള്ള കുടിയേറ്റത്തിന്. ദുഷ്‌കരമായ സാഹചര്യങ്ങളോട് മല്ലിട്ട് അവർ പടുത്തുയർത്തിയ ജീവിതത്തിനും സംസ്‌കാരത്തിനും സുദീർഘമായ ചരിത്രമുണ്ട്. അതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ മലയോര ജനതയെ കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചിൽ ഒതുക്കുന്ന പ്രചരണങ്ങൾക്ക് ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രി തയ്യാറാകുന്നത് ഏറ്റവും ചുരുങ്ങിയ രീതിയിൽ പറഞ്ഞാൽ ഔചിത്യമല്ല.

അനധികൃത ഖനനം നടന്നതിനാലാണ് മുണ്ടക്കൈയ്യിൽ ഉരുൾപൊട്ടിയതെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വിചിത്രവാദം. എന്നാൽ, മുണ്ടക്കൈ ലാൻഡ്‌സ്ലൈഡ് ഏരിയയിൽ നിന്നും ഏറ്റവും അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.2 കിലോമീറ്റർ ആണ്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്ര മന്ത്രി തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. വയനാട് ദുരന്തത്തിൽ കേരളത്തിനെതിരെയെഴുതാൻ ശാസ്ത്രജ്ഞരെ കേന്ദ്ര സർക്കാർ സമീപിക്കുന്നു എന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന ലേഖനങ്ങളും അഭിപ്രായ പ്രകടനങ്ങളും നൽകാൻ ശാസ്ത്രജ്ഞരെ കേന്ദ്ര സർക്കാർ നിർബന്ധിക്കുന്നു എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യുറോ വഴിയാണ് കേരള സർക്കാരിനെതിരെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ അണിനിരത്താനുള്ള ഈ ശ്രമം എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കൂടെ കൂട്ടിവായിക്കുമ്പോൾ ഈ മാധ്യമ വാർത്തകൾ ശരിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ആരെ ദ്രോഹിക്കാനാണ് ഈ പെയ്ഡ് ലേഖന പരിപാടി ആസൂത്രണം ചെയ്യുന്നതെന്ന് സ്വയം ആലോചിക്കേണ്ടതാണ്.

പരിസ്ഥിതി ഗൗരവമായി സംരക്ഷിക്കപ്പെടുന്ന മേഖലയാണ് മുണ്ടക്കൈ. അവിടെ അനധികൃത ഖനനം നടക്കില്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ. ഇതറിഞ്ഞിട്ടും അനധികൃത ഖനനം മൂലമാണ് ഉരുൾപൊട്ടലെന്ന് പറയുന്നതിലെ രാഷ്ട്രീയം എന്തെന്ന് മലയാളികൾക്ക് മനസ്സിലാകും. ഓല മടക്കിവെച്ച് കൂര കെട്ടിയ തോട്ടം തൊഴിലാളികൾ അനധികൃത കയ്യേറ്റകാരാണ് എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ഉരുൾപൊട്ടലിന്റെ ഉത്തരവാദിത്തം പാവപ്പെട്ട തൊഴിലാളികളുടെ തലയിൽ ചാർത്തുകയാണ് ഇവർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story