സ്വന്തം രാഷ്ട്രീയം പ്രദര്‍ശിപ്പിച്ച് സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി
പാലക്കാട്ട് സേവാഭാരതി പ്രവർത്തകർ പൊലീസിനൊപ്പം ചേർന്ന് വാഹന പരിശോധന നടത്തിയെന്ന വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഒരു സംഘടനയ്ക്കും സർക്കാർ സംവിധാനങ്ങളോട് ഒപ്പം നിന്ന് പ്രവർത്തിക്കാനുള്ള അനുമതിയില്ലെന്ന് മുഖ്യമന്ത്രി. പാലക്കാട് സേവാഭാരതി പ്രവർത്തകർ പൊലീസിനൊപ്പം ചേർന്ന് വാഹന പരിശോധന നടത്തിയെന്ന വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സന്നദ്ധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരുടെ ചേർത്ത് കേരളത്തിൽ കമ്മ്യുണിറ്റി വളണ്ടിയേഴ്‌സ് എന്ന പേരിൽ ഒരു സേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങൾക്ക് മാത്രമാണ് ഇത്തരം കാര്യങ്ങളിൽ പങ്കുചേരാനുള്ള അനുമതി.
അതുപോലെ തന്നെ പൊലീസിനൊപ്പം പ്രവർത്തിക്കാൻ പൊലീസ് തന്നെ ചില സ്ഥലങ്ങളിൽ ആൾക്കാരെ തെരഞ്ഞെടുത്തിട്ടുണ്ട്. അവർ ഏതെങ്കിലും സംഘടനയുടെ ഭാഗമായിട്ടല്ല ഈ പ്രവർത്തനത്തിന്റെ ഭാഗമായത്. അവരുടെരാഷ്ട്രീയമോ സംഘടനകളോടുള്ള വിധേയത്വവുംപ്രദർശിപ്പിച്ചുകൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ പങ്കെടുക്കാൻ പാടില്ല. അത്തരത്തിലുള്ള ഒരു കാര്യവും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്ട് സേവാഭാരതി പ്രവർത്തകരും പൊലീസും ചേർന്ന് വാഹന പരിശോധന നടത്തുന്നുവെന്നായിരുന്നു ആക്ഷേപം. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീഷർട്ട് ധരിച്ച് ആർഎസ്എസ് സന്നദ്ധ വിഭാഗം പ്രവർത്തകർ പൊലീസിനൊപ്പം നിരത്തിൽ ലോക്ഡൗണിന്റെ ഭാഗമായ പരിശോധന നടത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തു വന്നിരുന്നു.
Adjust Story Font
16