ടിപി വധക്കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന് മുഖ്യമന്ത്രി; അനുഭാവികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിയമസഭാ രേഖ
2018 ജൂൺ 11ന് മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ടിപി വധത്തില്‍ സിപിഎം അനുഭാവികള്‍ക്ക് പങ്കുള്ളതായി അറിയിച്ചത്
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തിന് വിരുദ്ധമായി നിയമസഭാ രേഖ. വധത്തിൽ സിപിഎം അനുഭാവികള്‍ക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സഭയിൽ മറുപടി നൽകിയതായാണ് രേഖ. 2018 ജൂൺ 11ന് മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ എത്ര പ്രതികളെ ശിക്ഷിച്ചിട്ടുണ്ട്, അവർ ആരെല്ലാമാണെന്നും ഏതു രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരാണ് എന്നും വിശദമാക്കാമോ എന്നായിരുന്നു ചോദ്യം. ഉത്തരം ഇങ്ങനെ;
സിപിഐ(എം) അനുഭാവികളായ പന്ത്രണ്ട് പ്രതികളെ ശിക്ഷിച്ചിട്ടുണ്ട്. പ്രതികളുടെ പേരു വിവരങ്ങൾ ചുവടെ ചേർക്കുന്നു. 1. അനൂപ്, 2. മനോജ് കുമാർ എന്ന കിർമാണി മനോജ്, 3. എൻ.കെ സുനിൽ കുമാർ എന്ന കൊടി സുനി 4. രജീഷ് തുണ്ടിക്കണ്ടി എന്ന ടി.കെ, 5. കെ.കെ മുഹമ്മദ് ഷാഫി എന്ന ഷാഫി, 6. സിജിത്ത് എസ് എന്ന അണ്ണൻ, 7. കെ. ഷിനോജ്, 8. കെ.സി രാമചന്ദ്രൻ, 9. മനോജൻ എന്ന ട്രൗസർ മനോജൻ, 10. പടിഞ്ഞാറേ കഞ്ഞിക്കാട്ടിൽ കുഞ്ഞനന്തൻ, 11. പി.വി റഫീക്ക് എന്ന വാഴപടച്ചി റഫീക്ക്, 12. പ്രദീപൻ എം.കെ എന്ന ലംബു.
വ്യാഴാഴ്ച ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുന്നതിന്റെ തുടക്കത്തിലാണ് പിണറായി വിജയൻ ടിപി വധക്കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന അവകാശവാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ;
'എംഎം മണിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം ഞാൻ കേട്ടതാണ്. അതിൽ പറഞ്ഞത് അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ല എന്നാണ്. ഞങ്ങൾക്ക് എന്നതു കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് സിപിഐഎമ്മിനെയും എൽഡിഎഫിനെയുമാണ്. ആ ഒരു കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റ് എംഎം മണിയുടെ പ്രസംഗഭാഗത്ത് ഉണ്ട് എന്ന് പറയാനാകില്ല. പിന്നെ അവരെ മഹതി എന്നു വിളിച്ചത് ഏതെങ്കിലും തരത്തിൽ അപകീർത്തികരമാകും എന്നു പറയാനും കഴിയില്ല.'
2012 മെയ് നാലിനാണ് റെവല്യൂഷനറി മാർക്‌സിസ്റ്റ് പാർട്ടിയുടെ (ആർഎംപി) സ്ഥാപക നേതാവായ ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. സിപിഎമ്മിൽ സജീവമായിരുന്ന ടിപി രാഷ്ട്രീയ വിയോജിപ്പുകളെ തുടർന്നാണ് 2009ൽ ആർഎംപി രൂപവത്കരിച്ചത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തിയശേഷം വെട്ടുകയായിരുന്നു. വടകര കൈനാട്ടിക്കു സമീപം വള്ളിക്കാട്ടു വച്ചായിരുന്നു ആക്രമണം.
എംഎം മണി പറഞ്ഞത്
'ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിക്കെതിരെ, എൽഡിഫ് സർക്കാറിനെതിരെ, ഞാൻ പറയാം ആ മഹതി വിധവയായിപ്പോയി, അവരുടെ വിധി, അതിന് ഞങ്ങളാരും ഉത്തരവാദികളല്ല'- എന്നിങ്ങനെയായിരുന്നു നിയമസഭയിൽ എംഎം മണിയുടെ വാക്കുകൾ.
ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കവെ, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും കെകെ രമയുടെയും പ്രസംഗത്തിൽ പ്രകോപിതനായാണ് എംഎം മണി വിവാദ പരാമർശം നടത്തിയത്.
ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണനെന്നും ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ രണ്ടു ലക്ഷം പേരെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്നും മണി ആരോപിച്ചു. പ്രതിപക്ഷം എതിർപ്പുന്നയിച്ചെങ്കിലും പരാമർശം പിൻവലിക്കില്ലെന്ന നിലപാടിലാണ് മണി.
Summary: CM says CPM has no role in TP murder case; Legislative document says another one
Adjust Story Font
16